അഗ്നി പർവ്വതം പോലെ പുകഞ്ഞ് കോൺഗ്രസ്സ്, ഏതു നിമിഷവും പൊട്ടിത്തെറി ഉറപ്പ്, ആശങ്കയിൽ ഘടകകക്ഷികൾ

പുതുപ്പള്ളിയിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിനു പുറമെ കെ മുരളീധരൻ എം.പിയും നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയിലാണ് ഉള്ളത്. പുതുപ്പള്ളി തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ചില കാര്യങ്ങൾ തുറന്നു പറയുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കി കഴിഞ്ഞു. അസംതൃപ്തരായ കോൺഗ്രസ്സ് നേതാക്കളെ ലക്ഷ്യമിട്ട് ഇതിനകം തന്നെ ബി.ജെ.പിയും രംഗത്തിറങ്ങി കഴിഞ്ഞിട്ടുണ്ട്.

കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റിയിൽ തന്നെ ഉൾപ്പെടുത്താത്തതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശശി തരൂരിനെ സ്ഥിരം ക്ഷണിതാവാക്കി തന്നെ വർക്കിങ്ങ് കമ്മറ്റിയിലേക്ക് പരിഗണിച്ചു കൂടായിരുന്നോ എന്നതാണ് ചെന്നിത്തല ഉയർത്തുന്ന ചോദ്യം. തന്റെ കീഴിൽ ഒരേ ഗ്രൂപ്പിൽ പ്രവർത്തിച്ചവരുടെ കീഴിൽ ഇപ്പോൾ പ്രവർത്തിക്കേണ്ടി വരുന്നതാണ് ചെന്നിത്തലയുടെ ഉറക്കം കെടുത്തത്.

ഒരുകാലത്ത് മൂന്നാം ഗ്രൂപ്പ് മുതൽ ചെന്നിത്തലയുടെ ഒപ്പം പ്രവർത്തിച്ചവരാണ് വി.ഡി സതീശനും കെ.സി വേണുഗോപാലും എന്നാൽ അവരിപ്പോൾ നിയമസഭയിലും പാർട്ടിയിലും ചെന്നിത്തലയ്ക്കും മീതെയാണ്. ഇരുപത്തി ഏഴാമത്തെ വയസ്സിൽ കെ കരുണാകരൻ മന്ത്രിയാക്കിയ ചെന്നിത്തലയുടെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയം തന്നെയാണ്. അതുപോലെ തന്നെ കരുണാകരന്റെ മകനെന്ന പേരിനും അപ്പുറം കേരളത്തിൽ സ്വന്തമായി മേൽവിലാസമുണ്ടാക്കിയ കെ മുരളീധരന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ മികച്ച കെ.പി.സി.സി അദ്ധ്യക്ഷനെന്ന് പേരെടുത്ത മുരളീധരനെ ഇപ്പോൾ കേരളത്തിലെ പാർട്ടിക്കും വേണ്ടന്ന അവസ്ഥയാണുള്ളത്. സീനിയറായ തന്നെ വർക്കിങ്ങ് കമ്മറ്റിയിലേക്ക് ഒരു ക്ഷണിതാവ് പോലും ആക്കാത്തതിൽ മുരളിയും രോഷാകുലനാണ്. ഈ രണ്ട് നേതാക്കൾക്കു പിന്നിൽ അസംതൃപ്തരുടെ ഒരു പട തന്നെ നിലവിൽ നിലയുറപ്പിച്ചിട്ടുണ്ട്. പുതുപ്പള്ളി തിരഞ്ഞെടുപ്പിനു ശേഷം അതിന്റെ പ്രത്യാഘാതവും ഉറപ്പാണ്.

ചാണ്ടി ഉമ്മൻ എങ്ങാൻ പരാജയപ്പെട്ടാൽ അത് നിലവിലെ നേതൃത്വത്തിന്റെ പിടിപ്പുകേടായി ചിത്രീകരിക്കപ്പെടും. വി.ഡി സതീശനും കെ സുധാകരനും മാത്രമല്ല കെ.സി വേണുഗോപാലിനും അത്തരമൊരു തോൽവി വലിയ പ്രഹരമാകും. അതേസമയം ചാണ്ടി ഉമ്മൻ വിജയിക്കുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് ചെന്നിത്തലയ്ക്ക് കൂടി അവകാശപ്പെട്ടതായിരിക്കും.

എന്നാൽ, പാരവയ്പ്പ് കൂടെപ്പിറപ്പായ കോൺഗ്രസ്സിൽ വീണ്ടും ചരിത്രം ആവർത്തിച്ചാൽ അത് വരുന്ന ലോകസഭ തിരഞ്ഞെടുപ്പിനെ മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിനെയും വല്ലാതെ തന്നെ ബാധിക്കും.

ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന് ശക്തമായ സംഘടനാ അടിത്തറ കേരളത്തിലെ കോൺഗ്രസ്സിൽ ഉണ്ട്. അവർ പാലം വലിച്ചാൽ പൊതുവെ ദുർബലമായ കോൺഗ്രസ്സ് സംവിധാനം കൂടുതൽ കുഴപ്പത്തിലേക്കാണ് പോകുക. മുഖ്യമന്ത്രി കുപ്പായം തുന്നിയിരിക്കുന്ന കെ.സി വേണു ഗോപാലിനെയും വി.ഡി സതീശനെയും ആ കസേരയിൽ ഇരുത്തില്ലന്ന വാശി ചെന്നിത്തല വിഭാഗത്തിനുണ്ട്.

കോൺഗ്രസ്സിലെ എ വിഭാഗത്തിനും ഈ രണ്ട് നേതാക്കളോടും താൽപ്പര്യമില്ല. അവർ ആഗ്രഹിക്കുന്നത് യു.ഡി.എഫിനു ഭൂരിപക്ഷം കിട്ടിയാൽ ശശി തരൂരിനെ മുഖ്യമന്ത്രിയാകണമെന്നതാണ്. എ വിഭാഗം നേതാവായ എം കെ രാഘവനാണ് തരൂരിനു വേണ്ടി ഗ്രൂപ്പ് നേതാക്കളുടെ പിന്തുണ തേടിയിരിക്കുന്നത്.

ഉമ്മൻചാണ്ടിക്കു ശേഷം നയിക്കാൻ നേതാവില്ലാതെ ഉഴലുന്ന ‘എ’ ഗ്രൂപ്പിനെ സംബന്ധിച്ച് തരൂരെങ്കിൽ തരൂർ എന്ന നിലപാടിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പിന്തുണയിൽ മാത്രം കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റിയിൽ എത്തിയ കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനും തരൂരിനെ മുൻ നിർത്തി വോട്ട് പിടിച്ച ശേഷം ഭരണം ലഭിച്ചാൽ അപ്പോൾ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടാനാണ് ശ്രമിക്കുന്നത്.

കോൺഗ്രസ്സ് എം.എൽ.എമാർ കൂടുതലും രമേശ് ചെന്നിത്തലയെ പിന്തുണച്ചിട്ടും പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തത് രാഹുൽ ഗാന്ധിയുടെ ഒറ്റ താൽപ്പര്യം മൂലമാണ്. അതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ കെ.സി വേണുഗോപാലുമാണ്. സമാനമായ സാഹചര്യം യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചാൽ വീണ്ടും സൃഷ്ടിക്കാൻ എന്തായാലും കെ.സി ശ്രമിക്കും.

വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയും കെ സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കാനും കെ.സി വേണുഗോപാൽ തന്ത്രം മെനഞ്ഞതു തന്നെ ചെന്നിത്തലയെ ഒതുക്കാനും ഐ ഗ്രൂപ്പിനെ പിളർത്താനുമാണ്. ഒരു പരിധിവരെ ഈ നീക്കത്തിൽ കെ.സി വിജയിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം വി.ഡി സതീശനെ ഒതുക്കുക എന്നതാണ് യു.ഡി.എഫിനു ഭരണം ലഭിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അതും സംഭവിക്കും.

പണ്ട് ആന്റണി ഡൽഹിയിൽ നിന്നും പറന്നിറങ്ങി മുഖ്യമന്ത്രിയായതു പോലുള്ള ഒരു ലാൻഡിങ്ങാണ് കെ.സി ആഗ്രഹിക്കുന്നത്. ആന്റണിക്ക് മത്സരിക്കാൻ ലീഗ് കോട്ട വിട്ടുതന്നതു പോലെ രാഹുൽ പറഞ്ഞാൽ തനിക്കും ഒരു സീറ്റ് ലീഗ് വിട്ടു നൽകുമെന്നാണ് കെ.സി പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടി മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാൻ എന്തു വിട്ടുവീഴ്ചക്കും കെ.സി തയ്യാറാകും.

ഇതൊക്കെയാണ് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ അവസ്ഥയെങ്കിൽ ഇടതുപക്ഷത്തെ സ്ഥിതി വ്യത്യസ്തമാണ്. അടുത്ത പൊതു തിരത്തെടുപ്പിൽ ജയിക്കാൻ വല്ലാതെ വിയർപ്പൊഴുക്കേണ്ട അവസ്ഥ വരില്ലന്നാണ് ഇടതു നേതാക്കൾ കണക്കു കൂടുന്നത്. കോൺഗ്രസ്സുകാർ തന്നെ പരസ്പ്പരം പാരപണിത് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തോൽവി എളുപ്പത്തിൽ ആക്കുമെന്നതാണ് ഇടതു നേതാക്കളുടെ നിഗമനം.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ചില കോൺഗ്രസ്സ് നേതാക്കൾ ബി.ജെ.പി പാളയത്തിൽ എത്താനുള്ള സാധ്യതയും ഇടതുപക്ഷം മുന്നിൽ കാണുന്നുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു തിരിച്ചടി ലഭിച്ചാൽ അതോടെ യു.ഡി.എഫ് എന്ന മുന്നണി തന്നെയാണ് തകരുക.

രാഹുൽ ഇഫക്ടിൽ വിജയിച്ച 19 സീറ്റുകളിൽ ബഹുഭൂരിപക്ഷവും ഇത്തവണ കൈവിട്ടു പോകുമെന്ന ഭീതി യു.ഡി.എഫ് ഘടക കക്ഷികളിലും ശക്തമാണ്. പൊന്നാനി കൈവിട്ടു പോയാൽ പിടിച്ചു നിൽക്കുന്നതിനായി മൂന്നാമതൊരു സീറ്റ് ആവശ്യപ്പെടാനാണ് ലീഗ് നീക്കം. ഇതും കോൺഗ്രസ്സിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

രാഹുൽ വയനാട്ടിൽ ഇത്തവണ മത്സരിച്ചാലും ഇല്ലങ്കിലും 20 ലോകസഭ സീറ്റുകളിൽ ഭൂരിപക്ഷത്തിലും ഇത്തവണ വിജയിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇതൊരിക്കലും അതിരു കവിഞ്ഞ ആത്മവിശ്വാസമായി നമുക്കൊരിക്കലും വിലയിരുത്താൻ കഴിയുകയില്ല. കോൺഗ്രസ്സിലെ ഭിന്നതയും ന്യൂനപക്ഷ വിഭാഗത്തിന്റെ നിലപാടും തീർച്ചയായും ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നതു തന്നെയാണ്…

EXPRESS KERALA VIEW

Top