മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു

ധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില്‍. പച്ചൗരിയെ കൂടാതെ മുന്‍ എംപി ഗജേന്ദ്ര സിംഗ് രാജുഖേദിയും പാര്‍ട്ടിയുടെ മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് രാവിലെയാണ് പച്ചൗരി, രാജുഖേദി, മുന്‍ എംഎല്‍എമാരായ സഞ്ജയ് ശുക്ല, അര്‍ജുന്‍ പാലിയ, വിശാല്‍ പട്ടേല്‍ എന്നിവര്‍ അംഗത്വം സ്വീകരിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ, മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗാന്ധി കുടുംബവുമായി അടുപ്പമുണ്ടായിരുന്ന പച്ചൗരി നാല് തവണ രാജ്യസഭാംഗമായിരുന്നു. കൂടാതെ കേന്ദ്ര പ്രതിരോധ (പ്രതിരോധ ഉല്‍പ്പാദനവും വിതരണവും) സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ മധ്യപ്രദേശ് യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ നിരവധി പ്രധാന സ്ഥാനങ്ങള്‍ പച്ചൗരി നേരത്തെ വഹിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ ആദിവാസി നേതാവായ രാജുഖേദി ധാര്‍ ലോക്‌സഭാ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു – 1998, 1999, 2009. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് 1990-ല്‍ ബിജെപി എംഎല്‍എ ആയിരുന്നു അദ്ദേഹം.

Top