മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബസവരാജ് പാട്ടീല്‍ മുരുംകാര്‍ രാജിവച്ചു

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ മന്ത്രിയും പിസിസി വര്‍ക്കിങ്ങ് പ്രസിഡന്റുമായ ബസവരാജ് പാട്ടീല്‍ മുരുംകാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിക്ക് പിന്നാലെയാണ് ബസവരാജ് പാട്ടീലിന്റെ രാജി. മറാത്ത്വാഡാ മേഖലയില്‍ നിന്നുള്ള പ്രധാന നേതാവായ ബസവരാജ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹമുണ്ട്.

അശോക് ചവാന്‍, മിലിന്ദ് ഡിയോറ, ബാബ സിദ്ധിഖി തുടങ്ങി നിരവധി നേതാക്കള്‍ ഈയടുത്ത കാലത്തായി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ മിലിന്ദ് ഡിയോറ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയിലാണ് ചേര്‍ന്നത്. ഈ രണ്ട് നേതാക്കളെയും രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.ഓസ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള തോല്‍വിക്ക് ശേഷം ബസവരാജിന് പാര്‍ട്ടിയുമായി വലിയ ബന്ധമില്ലെന്നും അതിനാല്‍ തന്നെ ഈ രാജി ഒരു തരത്തിലും ബാധിക്കില്ലെന്നും പാര്‍ട്ടി സെക്രട്ടറി അഭയ് സലുങ്കെ പറഞ്ഞു.

Top