ശത്രു ബിജെപി, ‘മഹാ’അവസരം മുതലാക്കാന്‍ കോണ്‍ഗ്രസ്; ഇല്ലെങ്കില്‍ പവാര്‍ പണികൊടുക്കും!

sonia

ഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സോണിയാ ഗാന്ധിയുടെ വീട്ടില്‍ രാവിലെ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സംഘം യോഗം ചേര്‍ന്നു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തില്‍ സുപ്രധാനമായ വിഷയങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് സൂചന.

നാളെ മുംബൈയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. മഹാരാഷ്ട്ര സഖ്യത്തില്‍ മുന്നോട്ട് പോകാന്‍ സോണിയാ ഗാന്ധിക്ക് ഉപദേശം ലഭിച്ചെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. സഖ്യത്തില്‍ സ്വന്തം നിലപാടുകള്‍ ഉണ്ടെങ്കിലും വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും വലിയ ശത്രു ബിജെപി തന്നെയെന്നാണ് കോണ്‍ഗ്രസ് ഉറപ്പിച്ചിരിക്കുന്നത്.

അന്തിമഘട്ട ചര്‍ച്ചകള്‍ മുംബൈയില്‍ നടക്കും. ബുധനാഴ്ച എന്‍സിപി മേധാവി ശരത് പവാറിന്റെ വീട്ടില്‍ വെച്ച് നടന്ന യോഗത്തിന് ശേഷവും സഖ്യവിഷയത്തില്‍ ചില കാര്യങ്ങളില്‍ ചര്‍ച്ച ബാക്കിയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിരുന്നു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവരില്ലാതെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് മാധ്യമങ്ങളോട് പ്രതികരിച്ചു.

സര്‍ക്കാര്‍ അജണ്ടയില്‍ തീരുമാനമായെങ്കിലും അധികാരം പങ്കുവെയ്ക്കുന്നതാണ് പ്രശ്‌നമായി തുടരുന്നത്. ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു കോണ്‍ഗ്രസ്, എന്‍സിപി ചര്‍ച്ച. പവാര്‍ പ്രധാനമന്ത്രിയെ കണ്ടത് കോണ്‍ഗ്രസിനുള്ള സന്ദേശമായി മാറിയതോടെയാണ് ഇനി കാത്തുനിന്ന് സമയം കളയേണ്ടെന്ന തീരുമാനത്തിന് പിന്നില്‍. ഇതിനിടെ പവാറിന്റെ പിന്തുണ തേടാന്‍ ബിജെപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Top