കെ.വി തോമസിനെതിരായ നീക്കം; നടപടിക്രമങ്ങൾ പാലിച്ചായിരിക്കുമെന്ന് ഹൈക്കമാൻഡ്

ഡൽഹി: കോൺഗ്രസ് അധ്യക്ഷയുടെ നിർദേശത്തിന് വിരുദ്ധമായി സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി തോമസിനെതിരായ നീക്കം നടപടിക്രമങ്ങൾ പാലിച്ചായിരിക്കുമെന്ന് പാർട്ടി ഹൈക്കമാൻഡ് അറിയിച്ചു. സംഭവത്തിൽ കെ.വി തോമസിനോട് ഹൈക്കമാൻഡ് വിശദീകരണം ചോദിക്കും. കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ വിശദമായ കത്തിലൂടെ നടപടിക്ക് ശിപാർശ ചെയ്തിരുന്നെങ്കിലും ഉടനടി നടപടിയില്ലെന്നാണ് വിവരം.

സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി. കെ. സുധാകരൻ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ഒരുവർഷമായി സിപിഎം നേതാക്കളുമായി കെ.വി.തോമസിന് സമ്പർക്കമുണ്ടെന്നും പാർട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറിൽ പങ്കെടുത്തത് മുൻകൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്ന് കത്തിൽ പറഞ്ഞു. കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

Top