കോലാറിലെ സീറ്റില്‍ കോണ്‍ഗ്രസ് തീരുമാനം നീളുന്നു; ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന് സിദ്ധരാമയ്യ

siddaramaiah

ബംഗളൂരു:കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ നിന്ന് സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിന് അന്തിമ അനുമതി നൽകാതെ കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ജനുവരിയിൽത്തന്നെ ഹൈക്കമാൻഡിനെ മറികടന്ന് കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സിദ്ധരാമയ്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കോലാറിലെ നിലവിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ കോൺഗ്രസ് പാളയത്തിലേക്ക് ചാടാൻ തയ്യാറായി നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ ഗൗഡ കോൺഗ്രസിൽ ചേരുമെന്നും ഉറപ്പാണ്. ഇതെല്ലാം കണക്ക് കൂട്ടിയാണ് സിദ്ധരാമയ്യ കോലാറിൽ നിന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

എന്നാൽ പാർട്ടി നടത്തിയ ആഭ്യന്തര സർവേയിൽ സിദ്ധരാമയ്യ കോലാറിൽ നിന്ന് മത്സരിച്ചാൽ ജയിച്ചേക്കില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് തല്ക്കാലം കോലാറിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം നീട്ടിയത്. ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ലെന്ന് സ്ഥിരീകരിച്ച സിദ്ധരാമയ്യ, ഹൈക്കമാൻഡ് പറയുന്നത് പോലെ അനുസരിക്കുമെന്നും വ്യക്തമാക്കി. ഇന്നലെ ദില്ലിയിൽ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 125 പേരുടെ ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് യോഗം അംഗീകാരം നൽകി. മിക്ക സിറ്റിംഗ് എംഎൽഎമാർക്കും വീണ്ടും സീറ്റ് ലഭിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

Top