രാഹുലിനും ഒടുവിൽ ഉമ്മൻചാണ്ടി തന്നെ രക്ഷകനായി, അതാണ് യാഥാർത്ഥ്യം ! !

കോണ്‍ഗ്രസ് ഹൈകമാന്റും നെഹ്‌റു കുടുംബവും ഏറെ കടപ്പെടേണ്ടത് ഉമ്മന്‍ചാണ്ടിയോട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ നീക്കമാണിപ്പോള്‍ രാഹുലിനും കോണ്‍ഗ്രസിനും രക്ഷയായിരിക്കുന്നത്.

രാഹുല്‍ വയനാട്ടില്‍ മത്സരിച്ച തരംഗത്തില്‍, തന്നെ സോളാര്‍ കേസില്‍കുടുക്കിയ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും നിലംപരിശാക്കുന്ന വിജയം നേടാനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു.

പിണറായി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ചയെന്ന മോഹത്തിനാണ് ഉമ്മന്‍ചാണ്ടി റെഡ് സിഗ്നല്‍ ഉയര്‍ത്തിയിരിക്കുന്നത്. ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ അടര്‍ത്തിയെടുത്ത് യു.ഡി.എഫിനെ തകര്‍ക്കാനുള്ള സി.പി.എം നീക്കവും ഇനി പ്രയാസകരമാകും. വിശ്വസ്തനായ ടി.സിദ്ദിഖിനെ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ഉമ്മന്‍ചാണ്ടി ആദ്യം കരുനീക്കിയത്.

വയനാട് സിദ്ദിഖിന് ഉറപ്പിച്ചപ്പോഴാണ് അമേഠിക്കു പുറമെ മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍കൂടി രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറികൂടിയായ ഉമ്മന്‍ചാണ്ടി ഇതോടെ വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയായിരുന്നു.

സിദ്ദിഖിനെ പിന്‍വലിപ്പിച്ച് രാഹുലിനായി വയനാട് ഒഴിച്ചിട്ടു. വയനാട്ടിലെ മത്സരിത്തെക്കുറിച്ച് രാഹുലിനും ആശങ്കയുണ്ടായിരുന്നു. രാഹുല്‍ കര്‍ണാടകയില്‍ മത്സരിക്കണമെന്ന നിലപാടാണ് കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുന്നോട്ടുവെച്ചത്. ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ ഉറപ്പില്‍ രാഹുല്‍ വയനാട്ടിലെത്തുകയായിരുന്നു.

രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെ മുസ്‌ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ഒന്നടങ്കം യു.ഡി.എഫിലേക്ക് ഒഴുകി. ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികളുടെ പ്രതിഷേധത്തില്‍ ഹിന്ദുവോട്ടും അനുകൂലമായതോടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയമാണ് വയനാട്ടിലുണ്ടായത്. 4,31,770 വോട്ടിന്റെ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വയനാട്ടില്‍ നിന്നും വിജയിച്ചത്.

വയനാട്ടില്‍ മത്സരിച്ചിരുന്നില്ലെങ്കില്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുലിന് പാര്‍ലമെന്റിലെത്താന്‍ കഴിയുമായിരുന്നില്ല. ഈ നാണക്കേടില്‍ നിന്നും രാഹുലിനെയും കോണ്‍ഗ്രസിനെയും രക്ഷിച്ചത് വയനാട്ടില്‍ മത്സരിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശമാണ്.

സോളാര്‍കേസില്‍ കുരുക്കി അപമാനിച്ച സി.പി.എമ്മിനെതിരെ തീരാത്തപകയാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. മുന്‍പ് കെ.എം മാണിയെ ഒപ്പം കൂട്ടി യു.ഡി.എഫിനെ തകര്‍ക്കാനുള്ള പിണറായിയുടെ നീക്കം പൊളിച്ചതും ഉമ്മന്‍ചാണ്ടിയായിരുന്നു. യു.ഡി.എഫ് വിട്ട കെ.എം മാണിയെ തിരികെ കൊണ്ടുവന്നതും ഈ കോണ്‍ഗ്രസ് നേതാവ് തന്നെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരന്റെ ഇടപെടലില്‍ കൈവിടേണ്ടി വന്ന ബെന്നി ബെഹ്നാന് ചാലക്കുടിയില്‍ സീറ്റ് നേടികൊടുക്കാനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു.

ചാലക്കുടിയില്‍ 1,32,274 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിനാണ് ബെന്നി ബെഹനാന്‍ വിജയിച്ചത്. രമേശ് ചെന്നിത്തലയോട് ഇടഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായി മാറിയ കെ. മുരളീധരന് വടകരയിലും അടൂര്‍പ്രകാശിന് ആറ്റിങ്ങലിലും ഉമ്മന്‍ ചാണ്ടി തന്നെ സീറ്റുകള്‍ നേടിക്കൊടുത്തു.

ഇരുവരും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചതും ഉമ്മന്‍ചാണ്ടിക്ക് കരുത്താവുകയാണ്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യത്തിലും ഉമ്മന്‍ചാണ്ടി തന്നെ മേല്‍ക്കൈ നേടിക്കഴിഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തോടെ പ്രതിരോധത്തിലായിരിക്കുകയാണ്. ആലപ്പുഴയില്‍ ഷാനിമോളെ രമേശും കെ.സി വേണുഗോപാലും പാലം വലിച്ചെന്ന ആരോപണം ഐ ഗ്രൂപ്പില്‍ തന്നെ ശക്തമാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പരാജയമായതോടെ കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിലയും തൃശങ്കുവിലാണ്.

നാണം കെട്ട തോല്‍വിയാണ് ഇവിടെ ഭരണപക്ഷത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പ് പോലും അപകടത്തിലാണ്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെ കെ.സിക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു.

കര്‍ണ്ണാടക ചുമതലയില്‍ നിന്നും മാറേണ്ടി വന്നാല്‍ കേരളമാണ് വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെന്നിത്തലക്ക് തന്നെ ഭീഷണിയാണ്. ഏത് വിധേനയും അടുത്ത മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ ആധിപത്യവും പ്രതിപക്ഷ നേതാവിനെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ചാണ്ടി നേതൃസ്ഥാനം രമേശ് ചെന്നിത്തലക്ക് വിട്ടു നല്‍കുകയായിരുന്നു.

പക്ഷെ, പ്രതിപക്ഷ നേതൃസ്ഥാനത്ത് ശോഭിക്കാന്‍ ചെന്നിത്തലക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവായി ഉമ്മന്‍ചാണ്ടി മടങ്ങിയെത്തണമെന്ന നിലപാടാണ് മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസിനും ആര്‍.എസ്.പിക്കുമുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ഇടതുപക്ഷത്തെ ശക്തമായി നേരിടാന്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉണ്ടാവണമെന്ന ആവശ്യം കോണ്‍ഗ്രസിനകത്തും ഉയര്‍ന്നു കഴിഞ്ഞു.

Express Kerala View

Top