ഇഫ്താര്‍ വിരുന്നിലോ പലസ്തീന്‍ റാലിയിലോ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമില്ല; വി മുരളീധരന്‍

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇഫ്താര്‍ വിരുന്ന് നടക്കുമ്പോഴോ പലസ്തീന്‍ അനുകൂല റാലി നടക്കുമ്പോഴോ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമില്ലെന്നും രാമക്ഷേത്രത്തിന്റെ കാര്യത്തില്‍മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഭയക്കുന്നതിന് കാരണം മുസ്ലീംലീഗാണ്. മുസ്ലീംലീഗിനെ ഭയന്നിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് പേരുമാറ്റി മുസ്ലീം ലീഗില്‍ ലയിച്ചാല്‍ മതി. ഇന്ത്യന്‍നാഷ്ണല്‍ കോണ്‍ഗ്രസ് എന്നൊരു പേരിന്റെ ആവശ്യമില്ല. ഭൂരിപക്ഷ സമുദായത്തെ തുടര്‍ച്ചായായി അവഹേളിക്കുന്ന നിലപാട് കോണ്‍ഗ്രസിനകത്തുള്ള ഹിന്ദുക്കളെങ്കിലും തിരിച്ചറിയണം. മുസ്ലീംലീഗിനെ ഭയന്നുകൊണ്ട് സുപ്രീംകോടതിയുടെ വിധിയെ പോലും അംഗീകരിക്കാനാവാത്ത പരിതാപകരമായ അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണ്. ഇതേ കോണ്‍ഗ്രസ് രാമഭക്തന്മാരായി ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു പാര്‍ട്ടിയില്‍ തുടരണമോയെന്ന് കോണ്‍ഗ്രസിലെ രാമഭക്തരായ ഹിന്ദുക്കള്‍ ചിന്തിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top