പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യന്ത്രിയെ നിശ്ചയിക്കാന്‍ നിയമസഭ കക്ഷി യോഗം പതിനൊന്ന് മണിക്ക് ചേരും. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ ചേര്‍ന്ന യോഗം സ്ഥിതി വിലയിരുത്തി. ഈ യോഗം അവസാനിച്ചത് പുലര്‍ച്ചെ ഒന്നരയ്ക്കാണ്. നിയമസഭ കക്ഷി യോഗത്തിനു മുമ്പ് മറ്റ് കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കും.

പിസിസി അദ്ധ്യക്ഷനായ നവ്‌ജോത് സിംഗ് സിദ്ദു മുഖ്യമന്ത്രിയാകാന്‍ സാദ്ധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാല്‍ അംഗീകരിക്കില്ലെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുന്ന ജനകീയ മുഖമാണ് ഹൈക്കമാന്‍ഡ് തേടുന്നത്.

പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്മാരായ സുനില്‍ ഝാഖര്‍, പ്രതാപ് സിംഗ് ബജ്‍വ എന്നിവർക്കൊപ്പം അംബിക സോണി, രവ്നീത് സിംഗ് ബിട്ടു എന്നിവരുടെ പേരുകളും സാധ്യതപട്ടികയിൽ ഉണ്ട്. സുനിൽ ഝാഖർക്കാണ് സാധ്യത കൂടുതൽ. പ്രഖ്യാപനം ഉണ്ടാകും വരെ പഞ്ചാബിൽ തുടരാൻ എ ഐ സി സി നിരീക്ഷകർക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചാബ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സര്‍വ്വെയും അമരീന്ദറിന് തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

Top