അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്

ഡൽഹി: അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ കമ്പനികൾ, ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടത്.

സാധാരണയായി രാഷ്ട്രീയ പാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ബിസിനസ് ഗ്രൂപ്പിനെയോ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടിനോട് പ്രതികരിക്കാറില്ല. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം ആവശ്യപ്പെടുന്ന തരത്തിലുള്ള ഒന്നാണ്. കാരണം, അദാനി ഗ്രൂപ്പ് ഒരു സാധാരണ കൂട്ടായ്മയല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു ഒന്നാണ് എന്ന് ജയറാം രമേശ് വ്യക്തമാക്കി.

കൂടാതെ, ‘ലൈഫ് ഇൻഷുറൻസ് കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിൽ ഉയർന്ന നിക്ഷേപങ്ങൾ നടത്തിയതിനാൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണുകൾ ഇളകിയേക്കാം. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ആർബിഐയും സെബിയും ഈ ആരോപണങ്ങളിൽ അന്വേഷണം നടത്തണം. എൽഐസി, എസ്ബിഐ, മറ്റ് പൊതുമേഖലാ ബാങ്കുകളും അദാനി ഗ്രൂപ്പിൽ നടത്തിയ ഉദാരമായ നിക്ഷേപങ്ങളിലൂടെ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ വ്യവസ്ഥാപരമായ അപകടങ്ങളിലേക്ക് എത്തിയേക്കാം. കോർപ്പറേറ്റ് ഭരണത്തെക്കുറിച്ചും കടബാധ്യതയെക്കുറിച്ചും ഉള്ള ആശങ്കകൾ കാരണം നിക്ഷേപം ഒഴിവാക്കാൻ അവരുടെ സ്വകാര്യ മേഖലാ കമ്പനികൾ തീരുമാനിച്ചപ്പോഴും ഈ സ്ഥാപനങ്ങൾ ഉദാരമായി അദാനി ഗ്രൂപ്പിന് ധനസഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു

Top