വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിനും കുടുംബത്തിനുമെതിരെ അഴിമതി ആരോപണങ്ങളുമായി കോണ്‍ഗ്രസ്.

തെലങ്കാന സര്‍ക്കാരിനുവേണ്ടി കാര്‍ വാങ്ങിയ കരാറില്‍ നായിഡുവിന്റെ മകന് അനര്‍ഹമായ പരിഗണന കിട്ടിയെന്നും, തെലങ്കാന, മധ്യപ്രദേശ് സര്‍ക്കാരുകളടെ സഹായത്തോടെ നായിഡുവും മക്കളും കുടുംബ ട്രസ്റ്റിന്റെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നുമാണ് ആരോപണങ്ങള്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനെതിരെയും ആരോപണമുണ്ട്.

എന്നാല്‍, തനിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വെങ്കയ്യ നായിഡു നിഷേധിച്ചു.

2014ലാണ് തെലങ്കാന പോലീസിനായി കാറുകള്‍ വാങ്ങുന്നതിന് ടൊയോട്ടയുമായി 270 കോടിയുടെ കരാര്‍ ഉണ്ടാക്കിയത്.

ടൊയോട്ട ഡീലറായ വെങ്കയ്യ നായിഡുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷ ടൊയോട്ടയില്‍ നിന്നാണ് സര്‍ക്കാര്‍ വാഹനം വാങ്ങിയത്.

മറ്റു വാഹനങ്ങള്‍ വാങ്ങിയത് ചന്ദ്രശേഖര റാവുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഷോറൂമുകളില്‍ നിന്നും.

ഒരു തരത്തിലുള്ള ടെന്‍ഡര്‍ നടപടികളും നടത്താതെ അധികാരത്തിന്റെ തണലിലാണ് ഇവര്‍ക്ക് കരാര്‍ ലഭിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എന്നാല്‍ സര്‍ക്കാര്‍ ടൊയോട്ടയുമായി നേരിട്ടുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തന്റെ മകന്റെ ഷോറൂമുകളില്‍ നിന്ന് കാറുകള്‍ വിതരണം ചെയ്തതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

Top