‘കോണ്‍ഗ്രസിന്റെ കയ്യില്‍ മുസ്ലിം രക്തക്കറ’; വിവാദപരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്‌

salman-khurshid-new

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിവാദപ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസിന്റെ കയ്യില്‍ മുസ്ലിം രക്തം പുരണ്ടിട്ടുണ്ടെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശം. അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സിഖ് വിരുദ്ധ കലാപം, ബാബറി മസ്ജിദ് തകര്‍ന്ന സംഭവം എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

1984ലും 92ലും കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്. കോണ്‍ഗ്രസിന്റെ കയ്യില്‍ മുസ്ലിം രക്തക്കറ പറ്റിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു ചോദ്യം. ഖുര്‍ഷിദ് നല്‍കിയ മറുപടി ഇങ്ങനെ:

”ഞാന്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. ഞങ്ങളുടെ കൈകളില്‍ മുസ്ലിം രക്തക്കറ പുരണ്ടിട്ടുണ്ട് എന്നത് അംഗീകരിക്കുന്നു. അത് ഉയര്‍ത്തിക്കാണിക്കാന്‍ ഞങ്ങള്‍ തയ്യാറുമാണ്. നിങ്ങള്‍ അതുപോലെ ആകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ദളിതുകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അക്രമികളുടെ കയ്യിലാണ് കറ പുരളുന്നത്. തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക, എങ്കിലേ ചരിത്രം ആവര്‍ത്തിക്കാതിരിക്കൂ”-ഖുര്‍ഷിദ് പറഞ്ഞു.

വിവാദമായെങ്കിലും പരാമര്‍ശം പിന്‍വലിക്കാന്‍ ഖുര്‍ഷിദ് തയ്യാറായില്ല. ഒരു മനുഷ്യനെന്ന നിലയിലാണ് അത് പറഞ്ഞതെന്നും, പറഞ്ഞത് ആവര്‍ത്തിക്കുമെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് രംഗത്തുവന്നു. രാജ്യത്തെ ജനങ്ങളെ സമത്വത്തിന്റെ പാതയിലേക്ക് നയിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ് എന്നായിരുന്നു മുതിര്‍ന്ന നേതാവ് പിഎല്‍ പുനിയയുടെ പ്രതികരണം.

Top