Congress groups against sudheeran,but rahul still support him

ന്യൂഡല്‍ഹി: വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ അന്തിമ പോരാട്ടത്തിനൊരുങ്ങി എ,ഐ ഗ്രൂപ്പുകള്‍.

ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയതിനെ വിമര്‍ശിച്ച് പരസ്യമായി രംഗത്ത് വന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നടപടി ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് പരാതി നല്‍കിയത് ഈ നീക്കത്തിന്റെ ഭാഗമാണ്.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറിനിന്ന പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീരന്‍ മാറി നില്‍ക്കണമെന്ന നിലപാട് എ ഗ്രൂപ്പ് നേരത്തെ സ്വീകരിച്ചിരുന്നെങ്കിലും രാഹുല്‍ഗാന്ധി ഈ ആവശ്യം മുളയിലേ നുള്ളിക്കളയുകയായിരുന്നു.

എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സുധീരനെതിരെ ഗുരുതരമായ പരാതികളാണ് ഹൈക്കമാന്റിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്.

സുധീരന്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്‌ക്കേണ്ടി വന്നാല്‍ രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുമെന്നതിനാല്‍ ഐ ഗ്രൂപ്പ് നേതൃമാറ്റക്കാര്യത്തില്‍ കടുത്ത നിലപാട് നേരത്തെ സ്വീകരിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ സുധീരന്റെ പരസ്യവിമര്‍ശനം ആയുധമാക്കി അവസരത്തിനൊത്ത് ആഞ്ഞടിക്കുകയാണ് ഐ ഗ്രൂപ്പ്.

പരസ്യവിമര്‍ശനം പാടില്ലെന്ന ഹൈക്കമാന്റ് മുന്നറിയിപ്പ് കെപിസിസി പ്രസിഡന്റ് തന്നെ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഇപ്പോള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഹൈക്കമാന്റിനയച്ച ഫാക്‌സ് സന്ദേശം തുടക്കമാണെന്നും കൂടുതല്‍ പരാതികള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷക്കും ഉപാദ്ധ്യക്ഷനും വരും ദിവസങ്ങളില്‍ കൈമാറുമെന്നുമാണ് ഗ്രൂപ്പ് നേതൃത്വം പറയുന്നത്.

അടുത്തമാസം ഏഴിന് ഡല്‍ഹിയില്‍ ഹൈക്കമാന്റുമായി എംപിമാരടക്കമുള്ള 54 പേരുമായി സോണിയാഗാന്ധിയും രാഹൂല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവരോട് സുധീരനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ കസേരയിലും സുധീരന്‍ കെപിസിസി പ്രസിഡന്റായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മൂന്നാമനായി മാറിയതാണ് എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ ശക്തമാവാന്‍ കാരണം.

ഉമ്മന്‍ ചാണ്ടിയോ മുല്ലപ്പള്ളി രാമചന്ദ്രനോ കെപിസിസി അധ്യക്ഷനാവുക എന്നതിനപ്പുറം സുധീരനെ തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിക്കുക എന്നതാണ് എ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.

സുധീരന്റെ നേതൃത്വത്തില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടിയാല്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്റ് അദ്ദേഹത്തെ അവരോധിക്കുമെന്ന ഭയമാണ് ഗ്രൂപ്പുകള്‍ക്ക്.

സാധാരണ ഗതിയിലാണെങ്കില്‍ പോലും ഇടതുപക്ഷം ഭരണത്തിലിരിക്കെ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കുന്നത് സ്വാഭാവികമായി മുന്‍പ് പലതവണ ഉണ്ടായിട്ടുള്ളതാണെങ്കിലും ഇത്തവണ അത്തരമൊരു സാഹചര്യം സുധീരന് ഗുണം ചെയ്യുമെന്ന് കണ്ടാണ് മറുതന്ത്രം.

മാത്രമല്ല, പാര്‍ട്ടി പുന: സംഘടനയില്‍ സുധീരന്‍ ഗ്രൂപ്പുകള്‍ക്കതീതമായി പലരെയും തിരുകി കയറ്റാന്‍ ശ്രമിക്കുന്നതും ഗ്രൂപ്പുകളെ സംബന്ധിച്ച് നിലനില്‍പ്പിന് തന്നെ വെല്ലുവിളിയാണ്.

ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന രാഹുല്‍ഗാന്ധി എഐസിസി അദ്ധ്യക്ഷനാവുമെന്ന് ഉറപ്പായ സ്ഥിതിക്ക് അതിന് മുന്‍പ് സുധീരന്‍ മാറിയില്ലെങ്കില്‍ പണി പാളുമെന്ന് എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

അതേസമയം, ആരോപണവിധേയരെ മത്സരിപ്പിച്ചും,തിരഞ്ഞെടുപ്പ് വേളയില്‍ വിവാദ തീരുമാനങ്ങളെടുത്തും ജനങ്ങളുടെ അപ്രീതി സമ്പാദിച്ച ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് വന്‍തോല്‍വിക്കിടയാക്കിയതെന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു കാരണവശാലും സുധീരനെ മാറ്റുന്ന കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധിയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് കീഴ്‌പ്പെട്ട് തീരുമാനമെടുക്കാന്‍ അടുത്ത് തന്നെ കേരളത്തില്‍ തിരഞ്ഞെടുപ്പൊന്നും ഇല്ലല്ലോയെന്നാണ് ഒരു ഉന്നത നേതാവ് പരിഹാസത്തോടെ പ്രതികരിച്ചത്.

രാഹുല്‍ഗാന്ധി പോലും ആവശ്യപ്പെട്ടിട്ടും കെ ബാബു ഉള്‍പ്പെടെയുള്ളവരെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച പിടിവാശിക്ക് സുധീരനിലൂടെ ഇനി രാഹുല്‍ മറുപടി നല്‍കുമെന്ന് തന്നെയാണ് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നത്.

Top