കോണ്‍ഗ്രസ്സ് രാജ്യത്തെ കൊള്ളയടിച്ചു; അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ച് നല്‍കാനാണ് താന്‍ എത്തിയതെന്ന് മോദി

സൗരാഷ്ട്ര :ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തെ കൊള്ളയടിക്കുകയാണ് ഇത്രയും കാലം കോണ്‍ഗ്രസ്സ് ചെയ്തതെന്നും പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട മുതല്‍ തിരിച്ച് നല്‍കാനാണ് താനെത്തിയിരിക്കുന്നതെന്നും മോദി മോര്‍ബയില്‍ പറഞ്ഞു.

ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചത് ബിജെപി സര്‍ക്കാരാണെന്നും, സംസ്ഥാനത്ത് ഒരുതുള്ളി വെള്ളം പോലും പാഴാകാതിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഗുജറാത്തിനെ അപമാനിച്ചിട്ടുണ്ടെന്നും മോദി ആരോപിച്ചു. മോര്‍ബിയിലെ ദുര്‍ഗന്ധം കാരണം ഇന്ദിര തൂവാലകൊണ്ട് മൂക്കുപൊത്തുന്ന ചിത്രം മാസികയില്‍ അച്ചടിച്ചുവന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം.

കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തിലുണ്ട്.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്.

ജുനഗഡ്, ഭാവ്‌നഗര്‍ ജില്ലകളിലും സൂറത്തിനടത്തുള്ള നവസാരിയിലും പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.

ഗിര്‍, സോംനാഥ്, ജുനഗഡ്, അംരേലി ജില്ലകളിലായി ഇന്നും നാളെയും രാഹുല്‍ ഗാന്ധി പര്യടനം നടത്തും. സംസ്ഥാനത്തെ പ്രസിദ്ധമായ സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ ദര്‍ശനം നടത്തും. സൌരാഷ്ട്ര ഉള്‍പ്പെടെയുള്ള 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ 9നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.

Top