ഗോവയിൽ അട്ടിമറി നീക്കം തകർത്ത് കോൺഗ്രസ് ; വിമതരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്ത് നൽകി

പനാജി: ഗോവയിൽ പുതിയ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ കോൺഗ്രസ്. രാത്രി ചേർന്ന നിയമസഭാ കക്ഷി യോഗത്തിലും മൈക്കൾ ലോബോയുടെ പകരക്കാരനെ തെരഞ്ഞെടുക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. മൈക്കൾ ലോബോയെ അയോഗ്യനാക്കാനുള്ള നടപടി പാർട്ടി തുടങ്ങി. ഇതിനിടെ അനുനയ നീക്കങ്ങളുമായി മൈക്കൾ ലോബോ രംഗത്തെത്തിയെങ്കിലും നേതൃത്വം വഴങ്ങിയില്ല.

ഗോവയിൽ മൈക്കൾ ലോബോയുടെയും മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിനെയും നേതൃത്വത്തിൽ നടത്തിയ വിമത നീക്കം പൊളിഞ്ഞതോടെയാണ് കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ മുൻ പ്രതിപക്ഷ നേതാവ് ശ്രമം തുടങ്ങിയത്. രാത്രി പനാജിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന നിയമസഭാ കക്ഷി യോഗത്തിനെത്തിയ മൈക്കൾ ലോബോ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ദിഗംബർ കാമത്ത് നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടു നിന്നു. വിമത നീക്കം നടത്തിയെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരെയും അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

നിയമസഭാ സമ്മേളനം നടക്കാനിരിക്കെ ആയിരുന്നു ഗോവയില്‍ വിമത നീക്കത്തിന് ശ്രമം നടന്നത്. എന്നാല്‍, കോൺഗ്രസിൽ നിന്നും എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കാനുള്ള വിമതരുടെ നീക്കം പരാജയപ്പെട്ടു. കോൺഗ്രസിന്റെ പതിനൊന്ന് എംഎൽഎമാരിൽ പത്ത് പേരും നിയമസഭയിൽ ഹാജരായിരുന്നു. അസുഖബാധിതനായതിനാൽ ഒരാൾ എത്തിയില്ല. മൂന്നിൽ രണ്ട് എംഎൽഎമാരെ അടർത്തി മാറ്റാനുള്ള നീക്കം പരാജയപ്പെട്ടതോടെ ബിജെപിയിലേക്കില്ലെന്ന് മൈക്കൾ ലോബോയും ദിഗംബർ കാമത്തും പ്രഖ്യാപിച്ചു.

നിയമസഭാ സമ്മേളനം തുടങ്ങാനാരിക്കെയാണ് ഗോവയില്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന അഭ്യൂഹം ഉയർന്നത്. പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ അടക്കം നാല് എംഎൽഎമാർ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്‍റെ വസതിയിലെത്തി ചർച്ച നടത്തി. ഇതോടെ കോൺഗ്രസ് വാർത്താ സമ്മേളനം വിളിച്ച് മൈക്കൾ ലോബോയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. കോടികൾ നൽകി കോൺഗ്രസ് എംഎൽഎമാരെ ബിജെപി വിലയ്ക്ക് വാങ്ങുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

ആകെയുള്ള 11 എംഎൽഎമാരിൽ അഞ്ച് പേരായിരുന്നു പിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ഇതോടെ എംഎൽഎമാർ മറു കണ്ടം ചാടുമെന്ന് ഉറപ്പായി. എന്നാൽ പിന്നാലെ സ്ഥിതിഗതികൾ മാറി മറിഞ്ഞു. കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പ്രതികരിച്ചു. നിയമസഭാ സമ്മേളനത്തിന് മുമ്പ് പല എംഎൽഎമാരും തന്നെ കാണാൻ വരാറുണ്ടെന്നായിരുന്നു മൈക്കൽ ലോബോയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.

Top