ഡല്‍ഹിയില്‍ എഎപി തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് തീര്‍ന്നു! പേടിയില്‍ നേതാക്കള്‍

ല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തുകഴിഞ്ഞു. വോട്ടിംഗ് മെഷീനില്‍ പതിഞ്ഞ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് മുന്‍പ് പുറത്തുവന്നിട്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് നിരാശ സമ്മാനിക്കുന്നതാണ്. കാര്യങ്ങള്‍ ഈ അവസ്ഥയില്‍ ആണെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. അതേസമയം ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നതിനെ അവര്‍ ഭയക്കുകയും ചെയ്യുന്നു.

ദേശീയ തലസ്ഥാനത്ത് തിരിച്ചുവരവ് നടത്താനുള്ള പദ്ധതികളെ ആം ആദ്മി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ തകിടം മറിക്കുമെന്നാണ് ആശങ്ക. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയാണ് കോണ്‍ഗ്രസ് നേതാക്കളായ പിസി ചാക്കോയും, കീര്‍ത്തി ആസാദും രംഗത്ത് വന്നത്. ഇതിലും ഭേദപ്പെട്ട പ്രകടനം പാര്‍ട്ടി കാഴ്ചവെയ്ക്കുമെന്നാണ് നേതാക്കളുടെ വാദം.

‘ചത്തീസ്ഗഢിലും, ജാര്‍ഖണ്ഡിലും ഇത്തരം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഈ സര്‍വ്വെകള്‍ പറയുന്നതിലും മെച്ചമാകും കാര്യങ്ങള്‍. ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്നില്ല, പക്ഷെ സ്ഥിതി മെച്ചപ്പെടും’, ചാക്കോ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നേരിടാനുള്ള നല്ലൊരു മുഖം പാര്‍ട്ടിക്കില്ലെന്ന് ചില നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.

‘പാരമ്പര്യം പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഭാവി പദ്ധതികളും, നയങ്ങളുമാണ് വോട്ടര്‍മാര്‍ അറിയാന്‍ ആഗ്രഹിക്കുന്നത്. വെള്ളവും, വൈദ്യുതിയും മൂലമാണ് 2013ല്‍ ഞങ്ങളെ വീഴ്ത്തിയത്. ഇക്കുറി ആം ആദ്മി തിരിച്ചുവരുന്നത് ഈ വിഷയങ്ങളിലാണ്’, ഒരു നേതാവ് ചൂണ്ടിക്കാണിച്ചു. ബിജെപി വിജയിക്കില്ലെന്നത് ആശ്വാസമാണെങ്കിലും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ എഎപിയെ തുണയ്ക്കുന്നത് പാര്‍ട്ടിയുടെ തിരിച്ചുവരവിനെ ബാധിക്കും.

തലസ്ഥാനത്ത് എഎപിയും, കോണ്‍ഗ്രസും ഒരേ വോട്ട് ബാങ്കുകളാണ് ലക്ഷ്യമിടുന്നത്. മറുവശത്ത് ബിജെപിയുടെ വോട്ടുകള്‍ ശക്തമായി നിലകൊള്ളുകയും ചെയ്യുന്നു. കോണ്‍ഗ്രസ് വോട്ട് പിടിച്ചാല്‍ വിജയിക്കാമെന്ന് ബിജെപി കണക്കൂകൂട്ടുന്നതും വെറുതെയല്ല.

Top