കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം; പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റില്‍

ന്യൂഡല്‍ഹി: കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഡല്‍ഹി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി. വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

കര്‍ഷകര്‍ക്ക് പിന്തുണയറിച്ചുകൊണ്ടാണ് തങ്ങളുടെ മാര്‍ച്ചെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. കര്‍ഷകരോട് പൊലീസ് അന്യായമായി പെരുമാറിയെന്നും തങ്ങളുടെ എല്ലാ പിന്തുണയും കര്‍ഷകരോടൊപ്പമുണ്ടെന്നും അറസ്റ്റിലാവുന്നതിന് നേരത്തെ പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മൂന്ന് നേതാക്കളെ മാത്രമേ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് നിലപാടെടുത്ത പൊലീസ് രാഹുല്‍ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലേക്ക് കയറാനുള്ള അനുമതി നല്‍കിയിരുന്നു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി പ്രതിഷേധസമരം തുടരുന്നതിനിടെയാണ് കിസാന്‍ സേനയുടെ മാര്‍ച്ച് ഉത്തര്‍പ്രദേശില്‍ നിന്നെത്തുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 29 ദിവസമായി ദല്‍ഹിയില്‍ കര്‍ഷകര്‍ സമരത്തിലാണ്.

Top