കോണ്‍ഗ്രസ് ‘ആപ്പ്’ പിന്‍വലിക്കല്‍ വിശദീകരണവുമായി പാര്‍ട്ടി രംഗത്ത്

Rahul Gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍നിന്നു പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പാര്‍ട്ടി രംഗത്ത്. ഡാറ്റ ചോര്‍ന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വിത് ഐഎന്‍സി’ (with INC) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍, പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും കഴിഞ്ഞ അഞ്ചുമാസമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസ് അറിയിച്ചത്.

ആപ്ലിക്കേഷനില്‍നിന്ന് ലിങ്ക് നല്‍കിയിരിക്കുന്ന യുആര്‍എല്‍ (http://membership.inc.in) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ യുആര്‍എല്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രവര്‍ത്തനരഹിതമായ യുആര്‍എല്‍ ടൈപ്പ് ചെയ്യുമ്പോള്‍ http://www.inc.in എന്ന യുആര്‍എല്ലിലേക്കു പോകണമെന്നു നിര്‍ദേശിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു.

അംഗത്വം നേടുന്നതിനുള്ള ലിങ്ക് മൊബൈല്‍ ആപ്ലിക്കേഷനില്‍നിന്നു വെബ്‌സൈറ്റിലേക്കു മാറ്റിയിരുന്നു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിലേക്കുള്ള അപ്‌ഡേറ്റുകള്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ വഴി നടത്തിയിരുന്നത്. എന്നാല്‍ പ്രവര്‍ത്തനരഹിതമായ യുആര്‍എല്‍ ഉപയോഗിച്ചു സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടാനുള്ള നീക്കങ്ങള്‍ വര്‍ധിച്ചതിനാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാലും തിങ്കള്‍ രാവിലെ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍നിന്നു നീക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

അതിനിടെ, ഈ യുആര്‍എല്‍ അഞ്ചുമാസമായി പ്രവര്‍ത്തനരഹിതമാണെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് ദിവ്യ സ്പന്ദന ട്വിറ്ററില്‍ കുറിച്ചു.

Top