തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം മുതല്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നടപടികളുമായി കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസ്സിനെ അടിമുടി പരിഷ്‌കരിക്കുകയെന്ന ദൗത്യത്തില്‍ വീട്ടുവിഴ്ച്ചയില്ലാത്ത മുന്നേറ്റമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്നത്. നേതാക്കളുടെ കൂട്ടമാണ് പാര്‍ട്ടിയെന്ന ദുഷ്‌പേര് മാറ്റാന്‍ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന് സംസ്ഥാനത്തെ തലമുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ സാന്നിധ്യം ഉറപ്പാക്കിയാണ് മുല്ലപ്പള്ളി തുടക്കം കുറിച്ചത്.
നേതാക്കളുടെ സ്വന്തം ബൂത്തുകളില്‍ പോലും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പിന്നോട് പോകുന്നതും സംഘടനാ സംവിധാനം ഇല്ലാത്തതും കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഭാരവാഹികളുടെ പുന:സംഘടനയ്ക്ക് മുന്‍പ് പാര്‍ട്ടിയുടെ ഈ അടിസ്ഥാന പ്രശ്‌നം പരിഹരിക്കണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം ഏറ്റെടുത്താണ് സംസ്ഥാനത്തെ 24,970 ബൂത്തുകളിലും ‘മൈ ബൂത്ത് മൈ പ്രൈഡ് ‘ എന്ന മുദ്രാവാക്യവുമായി പുന:സംഘടനാ പരിപാടിക്ക് തുടക്കമായത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് പിസിസി അധ്യക്ഷനായി എത്തിയശേഷം ബൂത്ത് തലം മുതല്‍ നടത്തിയ പുന:സംഘടന പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്‌തെന്നും ഈ മാതൃക കേരളവും പിന്തുടരണമെന്നും രാഹുല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ദേശീയ നേതാക്കള്‍ ഉള്‍പ്പടെ മുഴുവന്‍ നേതാക്കളും അവരവരുടെ ബൂത്തുകമ്മിറ്റികളില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. മുന്‍പ് സംഭവിച്ചതുപോലെ പേരിനും ഫോട്ടോക്കും വേണ്ടിയാകരുത് ബൂത്ത് കമ്മിറ്റികള്‍ കൂടേണ്ടതെന്നും പ്രവര്‍ത്തകരെ കൂടെ നിര്‍ത്താനുള്ള അവസരമായി ഇതിനെ കാണണമെന്നും ആണ് മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം.
പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിസിസി നേതൃയോഗങ്ങില്‍ എല്ലാം പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞും അതിന് കാരണക്കാരായവരെ പരസ്യമായി ശാസിച്ചുമാണ് മുല്ലപ്പള്ളി മുന്നോട് പോകുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഡിസിസി യോഗത്തില്‍ വിടി ബല്‍റാം അടക്കമുള്ളവര്‍ക്ക് മുല്ലപ്പള്ളിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ബൂത്ത് പുന:സംഘടന ഒക്ടോബര്‍ 25നകം പൂര്‍ത്തിയാക്കാനാണ് കെപിസിസി തീരുമാനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജഗതിയിലെ 92-ാം നമ്പര്‍ ബൂത്ത് യോഗത്തില്‍ അവിടുത്തെ താമസക്കാരനായ എ.കെ.ആന്റണിയായിരുന്നു ഉദ്ഘാടകന്‍. എം.എം.ഹസന്റെ വീട്ടിലായിരുന്നു യോഗം. 24ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഴിയൂരിലെ 18ാം നമ്പര്‍ ബൂത്തിലും 25 ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി അങ്ങാടി ബൂത്തിലും കമ്മിറ്റിയില്‍ പങ്കെടുക്കും.
23ന് കെസി വേണുഗോപാല്‍ ആലപ്പുഴ കളര്‍കോട് 61-ാം ബൂത്തിലും കെ.സുധാകരന്‍ കണ്ണൂര്‍ തളിക്കാവ് 82-ാം ബൂത്തിലും കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കര കിഴക്കേക്കര ബൂത്തിലും പുന:സംഘടനാ യോഗത്തില്‍ പങ്കെടുക്കും. രമേശ് ചെന്നിത്തല തൃപ്പെരുന്തുറയിലും കെ.മുരളീധരന്‍ ജവഹര്‍ നഗറിലും എം.ഐ.ഷാനവാസ് ആനയം കുന്നിലും ബൂത്ത് കമ്മിറ്റികളില്‍ സാന്നിധ്യമാകും. സംസ്ഥാന നേതാക്കള്‍ക്കൊപ്പം ജില്ലാ ബ്ലോക്ക് നേതാക്കളടക്കം മുഴുവന്‍പേരും ബൂത്തുകളിലേക്ക് ഇറങ്ങുന്നതോടെ സംഘടനയ്ക്ക് പുതിയ ഉണര്‍വുണ്ടാകുമെന്നാണ് കണക്കുക്കൂട്ടല്‍.