ഇ.വി.എം ദുരുപയോഗം ; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

മധ്യപ്രദേശ് : ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പരാതിയുമായി കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇ.വി.എം ദുരുപയോഗം തടയണമെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കപില്‍ സിബല്‍, കമല്‍നാഥ്, വിവേക് തന്‍ഹ എന്നിവരാണ് കമ്മീഷനെ കണ്ട് പരാതി നല്‍കിയത്.

ഇ.വി.എം സൂക്ഷിച്ച സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ച് കയറ്റിയതും വോട്ടിങ് യന്ത്രങ്ങള്‍ സ്‌കൂള്‍ വാനില്‍ കൊണ്ടുപോയതും അടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇന്നലെയാണ് സത്നയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തിന് പിന്നാലെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിലുണ്ടായിരുന്ന ആറ് പേരില്‍ രണ്ട് പേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഭോപ്പാലിലെ സ്ട്രോങ് റൂമില്‍ ഒരു മണിക്കൂറിലധികം സി.സി.ടി.വി ക്യാമറ പ്രവര്‍ത്തനരഹിതമായതും വൈദ്യുതി മുടങ്ങിയതും വിവാദമായിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് സ്ട്രോങ് റൂമിലെത്തിച്ചത്.

Top