മേഘാലയയിലും കോണ്‍ഗ്രസ്സിന്റെ പതനം ? എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

ഷില്ലോങ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മന്ത്രിയുടെ കൂടുമാറ്റം. മുന്‍ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എ.എല്‍.ഹെക്ക് പാര്‍ട്ടിയില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. ഹെക്കിനൊപ്പം മൂന്ന് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ഡോ അറിയിച്ചു.

കേന്ദ്ര ടൂറിസം മന്ത്രിയും മേഘാലയ തിരഞ്ഞെടുപ്പു ചുമതലയുമുള്ള അല്‍ഫോന്‍സ് കണ്ണന്താനവും, വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനറും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മയും എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കും.

നേരത്തെ, കോണ്‍ഗ്രസ്സിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ നിയമസഭയില്‍നിന്നു രാജിവച്ചിരുന്നു. ഇവരെല്ലാവരും എന്‍ഡിഎ സഖ്യത്തിലുള്ള നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ചേരാനാണ് നീക്കം നടത്തുന്നത്. രാജിവച്ചവരില്‍ രണ്ടുപേര്‍ മന്ത്രിമാരാണ്. ഇതോടെ 60 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരുണ്ടായിരുന്ന സര്‍ക്കാരിന്റെ അംഗബലം 24 ആയി ചുരുങ്ങി. എങ്കിലും 17 സ്വതന്ത്രര്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മുകുള്‍ സാങ്മ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകും.

മാര്‍ച്ചിലാണ് മേഘാലയയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, മേഘാലയ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുള്ള പെടാപ്പാടിലാണ് ബിജെപി. അടുത്തിടെ, ഷില്ലോങ്-നോങ്‌സ്റ്റോയ്ന്‍-രോങ്‌ജെങ്-ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ വാഗ്ദാനങ്ങള്‍ നടത്തുകയും, നടപ്പിലാക്കിയ ഓരോ പദ്ധതികള്‍ എണ്ണിയെണ്ണി പറയുകയും ചെയ്തിരുന്നു.

Top