congress doesnt have a leader forget matching pm modi

ന്യൂഡല്‍ഹി : പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ള നേതാവ് കോണ്‍ഗ്രസ്സില്‍ ഇല്ലെന്ന് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവ് എസ്.എം. കൃഷ്ണ.

മോദിയുമായി താരതമ്യം ചെയ്യാന്‍ പോയിട്ട് ഗൗരവകരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരാള്‍ പോലും കോണ്‍ഗ്രസിലില്ല. കുടുംബവാഴ്ച അവസാനിപ്പിച്ച് പുറത്തുനിന്നുള്ള ഒരാളെ നേതാവായി തിരഞ്ഞെടുക്കുകയാണ് പാര്‍ട്ടി ആദ്യം ചെയ്യേണ്ടതെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രസക്തി അവസാനിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും കൃഷ്ണ പറഞ്ഞു. അഴിമതിക്കെതിരെയുള്ള സമരമാണ് ബിജെപിയുടെ പ്രത്യേകത. ഇതാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും. ഇന്ത്യയെ വികസനത്തിന്റെ പുതിയ തലങ്ങളിലേക്കു നയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന് ഉറപ്പു നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി തനിക്ക് എന്തെങ്കിലും പ്രധാനപ്പെട്ട ‘ഭരണഘടനാ പദവി’ വാഗ്ദാനം ചെയ്തുവെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. തന്റെ അനുഭവസമ്പത്തും സേവനവും ബിജെപി എപ്രകാരമാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അമിത് ഷായെയും മോദിയേയും തന്റെ നേതാക്കളായി സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്‌തെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Top