പൗരത്വ നിയമം; സംസ്ഥാനങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്ന് ഹൂഡയും!

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ പറയാന്‍ പാടില്ലെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സമാനമായ നിലപാട് പങ്കുവെച്ചതിന് പിന്നാലെയാണ് മറ്റൊരു പാര്‍ട്ടി നേതാവ് കൂടി പൗരത്വ നിയമത്തില്‍ വ്യത്യസ്തമായ നിലപാട് പങ്കുവെച്ചത്.

‘പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍, ഭരണഘടനാപരമായി ഒരു സംസ്ഥാനത്തിന് ഇതിനെതിരെ പറയാന്‍ സാധിക്കില്ല, പകരം നിയമപരമായി പരിശോധനയ്ക്ക് വിധേയമാക്കാം’, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ വ്യക്തമാക്കി. ഭേഗതി ചെയ്ത പൗരത്വ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ അരങ്ങേറുന്നതിന് ഇടെയാണ് സംസ്ഥാനങ്ങള്‍ക്ക് നിയമത്തെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നേരത്തെ വ്യക്തമാക്കിയത്.

‘ഞങ്ങളുടെ സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ കഴിയില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. എതിര്‍ക്കാം, നിയമസഭാ പ്രമേയം പാസാക്കാം, കേന്ദ്രത്തോട് നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടാം. അല്ലാതെ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനം പറയുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും’, സിബല്‍ പറഞ്ഞു.

സിഎഎയ്ക്ക് എതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന് പിന്നാലെ പഞ്ചാബും നിയമസഭാ പ്രമേയം പാസാക്കിയിരുന്നു. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് സിഎഎയ്ക്ക് പുറമെ ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്ക് എതിരായ നിലപാട് സ്വീകരിക്കുന്നത്.

എന്നാല്‍ കപില്‍ സിബലിന്റെ നിലപാട് കോണ്‍ഗ്രസ് പിന്നീട് തിരുത്തി. ഭരണഘടനാ വിരുദ്ധമായ ഈ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്‌.

Top