”റീലല്ല, റിയലാണ്” യഥാർത്ഥ ഹീറോ ! ബാലുശ്ശേരി സൂപ്പർ പോരാട്ടത്തിലേക്ക്

സ്ഥാനാര്‍ത്ഥി മോഹികളാല്‍ സമ്പന്നമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇക്കാര്യത്തില്‍ മറ്റേത് പാര്‍ട്ടികളെയും കോണ്‍ഗ്രസ്സ് കവച്ചു വയ്ക്കും. എന്നാല്‍, വിജയ സാധ്യതയുടെ കാര്യത്തില്‍ ഏറെ പിറകിലാണ് ഈ സ്ഥാനാര്‍ത്ഥി മോഹികളില്‍ ഭൂരിപക്ഷവും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റ് കൂടി കണ്ണുരുട്ടിയതോടെ വിജയ സാധ്യതയുള്ളവരെ തേടിയാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സ് വീശിയ ഈ വലയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും കുടുങ്ങി കഴിഞ്ഞിട്ടുണ്ട്. ധര്‍മജനെ ബാലുശേരി മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

 

ഇതു സംബന്ധമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രാഥമിക ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് ധര്‍മജനും ഇപ്പോഴുള്ളത്. അക്കാര്യം പരസ്യമായി തന്നെ താരം പ്രകടിപ്പിച്ചിട്ടുമുണ്ട്. കൊച്ചിയില്‍ നിന്നും ബാലുശ്ശേരിയില്‍ എത്തുന്നതിനെയും അദ്ദേഹം ന്യായീകരിച്ചിട്ടുണ്ട്. ബാലുശേരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും ലീഗിലും നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് യു.ഡി.എഫ് നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ശക്തമായ വളക്കൂറുള്ള മണ്ണാണ് ബാലുശ്ശേരി. 15,464 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ നിന്നും സിപിഎമ്മിലെ പുരുഷന്‍ കടലുണ്ടി വിജയിച്ചിരുന്നത്. അദ്ദേഹം പരാജയപ്പെടുത്തിയിരുന്നത് മുസ്ലിം ലീഗിലെ യു.സി. രാമന്‍ പടനിലത്തിനെയായിരുന്നു. ഇതിനു മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ 8882 വോട്ടുകള്‍ക്കാണ് പുരുഷന്‍ കടലുണ്ടി കോണ്‍ഗ്രസിലെ എ.ബലറാമിനെ തോല്‍പിച്ചിരുന്നത്. ഭൂരിപത്തിന്റെ കാര്യത്തിലുള്ള ഇടതുപക്ഷത്തിന്റെ ഈ കുതിപ്പാണ് സിനിമാ താരത്തെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

 

തമിഴകത്തെ പോലെ താരങ്ങള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന സംസ്ഥാനമല്ല കേരളം. നടന്‍ മുകേഷ് കൊല്ലത്ത് ജയിച്ചത് പോലും താരം എന്ന ഇമേജിലല്ല. സി.പി.എമ്മിന്റെ ശക്തി കേന്ദ്രത്തിലെ ആ വിജയത്തിന്റെ ക്രഡിറ്റ് ചെങ്കൊടിക്ക് മാത്രം അവകാശപ്പെട്ടതാണ്. പത്തനാപുരത്ത് നിന്നും കെ.ബി ഗണേഷ് കുമാര്‍ ജയിക്കുന്നത് പോലും അടിസ്ഥാന വോട്ടുകള്‍ ആ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഉള്ളതു കൊണ്ടാണ്. ഒപ്പം മുന്നണിയുടെ വോട്ട് കൂടി ചേരുമ്പോള്‍ വിജയം സുനിശ്ചിതമാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി നല്ലൊരു കോമഡി താരമാണ്. രാഷ്ട്രീയത്തില്‍ മത്സര രംഗത്തിറങ്ങിയാല്‍, ചിരിക്കുന്ന മുഖങ്ങളെല്ലാം വോട്ട് ചെയ്യുമെന്ന് മാത്രം കരുതരുത്. പ്രത്യേകിച്ച് ബാലുശ്ശേരിയില്‍. ചുവപ്പ് പതിഞ്ഞ മനസ്സുകള്‍ ഏറെയുള്ള മണ്ഡലമാണിത്. പരീക്ഷണം അഗ്നിപരീക്ഷണമായി മാറാന്‍ തന്നെയാണ് എല്ലാ സാധ്യതയും.

ബാലുശ്ശേരിയില്‍ ഇത്തവണ യുവത്വത്തെ ഇറക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രണ്ടു തവണ വിജയിച്ച പുരുഷന്‍ കടലുണ്ടിയെ ഇത്തവണ മത്സരിപ്പിക്കാന്‍ സാധ്യത ഇല്ലെന്നാണ് ലഭിക്കുന്ന സൂചന. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അധികം താമസിയാതെ ഉണ്ടാകും. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ സച്ചിന്‍ദേവിനെയാണ് പകരം പരിഗണിക്കുന്നത്. സച്ചിന്‍ മത്സര രംഗത്തിറങ്ങിയാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വന്നാലും യു.ഡി.എഫ് കടുത്ത പ്രതിരോധത്തിലാകും. ഒരു വിദ്യാര്‍ത്ഥി നേതാവ് എന്ന ഇമേജും എസ്.എഫ്.ഐ യുടെ സംഘടനാ സംവിധാനം കേന്ദ്രീകരിക്കപ്പെടുന്നതും ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക.

 

എസ്.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളുമായ നിരവധി പേരാണ് ഇത്തവണ മേയറും പഞ്ചായത്ത് പ്രസിഡന്റും ആയിരിക്കുന്നത്. ഇത് ആ സംഘടനയോടുള്ള പൊതു സമൂഹത്തിന്റെ മതിപ്പ് കൂട്ടാനും കാരണമായിട്ടുണ്ട്. കാമ്പസ് രാഷ്ട്രീയത്തില്‍ നിന്നും പൊതു രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഒന്നു വേറെ തന്നെയാണ്. എസ്.എഫ്.ഐക്ക് സി.പി.എം നല്‍കുന്ന പരിഗണന ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു – എം.എസ്.എഫ് നേതാക്കളും നിലവില്‍ യു.ഡി.എഫില്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ തുടങ്ങിയവരും സ്ഥാനാര്‍ത്ഥി മോഹവുമായി രംഗത്തുണ്ട്. പരസ്യമായി തന്നെ നേതാക്കളോട് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. സംഘടനയില്‍ മറ്റാര്‍ക്കും സീറ്റ് ലഭിച്ചില്ലങ്കിലും തങ്ങള്‍ക്ക് ലഭിക്കണമെന്നതാണ് നിലപാട്. സമാന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് ലീഗ് നേതാക്കളും രംഗത്തുണ്ട്.

യൂത്ത് കോണ്‍ഗ്രസ്സില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥും നിലവില്‍ എം.എല്‍.എമാരാണ്. ഇവര്‍ വീണ്ടും മത്സരിക്കും. മറ്റ് നേതാക്കളാണ് സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും അടക്കം ഡി.വൈ.എഫ്.ഐയില്‍ നിന്നും ഒരു പട തന്നെ ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത് ലീഗ് നേതൃത്വങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥി മോഹികളുടെ ഒരു വലിയ പട്ടികയും ഹൈക്കമാന്റിന് യൂത്ത് കോണ്‍ഗ്രസ്സ് കൈമാറിയിട്ടുണ്ട്.

 

എന്നാല്‍, സി.പി.എമ്മിലെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരും തന്നെ മത്സര മോഹവുമായി രംഗത്തില്ല. പാര്‍ട്ടി തീരുമാനിച്ചാല്‍ മാത്രം മത്സരിക്കും എന്ന നിലപാടിലാണവര്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തിനേക്കാള്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ് വിപ്ലവ സംഘടനകളില്‍ ഏറെയുള്ളത്. കേഡര്‍ സംഘടനകളുടെ അച്ചടക്കം കൂടിയാണ് ഇത്തരം നിലപാടുകളിലൂടെ പ്രകടമാകുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കള്‍ കൂടുതലായി ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. വനിതകള്‍ക്കും വലിയ പരിഗണനയാണ് നല്‍കുക.

 

സി.പി.എം ജില്ലാ കമ്മറ്റികളില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കാലതാമസം ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, സി.പി.എം, എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കണമെന്ന പ്രാര്‍ത്ഥനയിലാണിപ്പോള്‍ യു.ഡി.എഫ് പോഷക സംഘടനകള്‍. മത്സരിക്കുന്ന എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കണക്കെടുത്ത് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് വേണ്ടിയാണിത്. വിജയിച്ചാലും ഇല്ലങ്കിലും ‘മത്സരിക്കുക’ എന്നതാണ്, പ്രതിപക്ഷ സംഘടനാ നേതാക്കളുടെ ഏറ്റവും പരമപ്രധാനമായ ലക്ഷ്യം.

 

Top