ഒടുവിൽ കോൺഗ്രസ്സ് തകർന്നടിഞ്ഞു; ഞെട്ടിച്ച് ബി.ജെ.പിയും എ.എ.പിയും . . .

ന്യൂഡല്‍ഹി: രാജ്യം ഏറ്റവും കാലം ഭരിച്ച കോണ്‍ഗ്രസ്സിന്റെ അവശേഷിക്കുന്ന അടിത്തറയും തകരുന്ന കാഴ്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കയ്യിലുള്ള പഞ്ചാബും കോണ്‍ഗ്രസ്സിന് നഷ്ടമായിരിക്കുകയാണ്. മുന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന നിലയിലേക്കാണ് ഇവിടെ ആം ആദ്മി പാര്‍ട്ടി മാറിയിരിക്കുന്നത്. യു.പി യില്‍ മുന്നൂറിനടുത്ത് സീറ്റുകളിലേക്കാണ് ബി.ജെ.പി ലീഡ് നിലയില്‍ കുതിക്കുന്നത്. അപ്രതീക്ഷിതമായ മുന്നേറ്റമാണിത്. മണിപ്പുര്‍ , ഉത്തരഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നത്.ആകെ മൊത്തം പരിശോധിച്ചാല്‍, ഉള്ള സംസ്ഥാനവും കൈവിട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് ഉള്ളത്. ഡല്‍ഹി വിട്ട് പഞ്ചാബിലേക്ക് പടര്‍ന്ന ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സിന് മറ്റു സംസ്ഥാനങ്ങളിലും ഇനി വെല്ലുവിളിയായി മാറാനാണ് സാധ്യത.   

‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം ‘ എന്ന സ്വപ്നത്തോടാണ് ബി.ജെ.പി കൂടുതല്‍ അടുത്തിരിക്കുന്നത്. നേതാക്കളുടെ അധികാര മോഹവും തമ്മിലടിയും അഴിമതിയും എല്ലാം കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറയാണ് തകര്‍ത്തിരിക്കുന്നത്. അതു തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമായിരിക്കുന്നത്.പ്രതിപക്ഷ ചേരിയില്‍ കോണ്‍ഗ്രസ്സ് ക്ഷീണിക്കുമ്പോള്‍ ആ സ്ഥാനത്തേക്കാണ് ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും നല്ല സ്വാധീനം നിലവില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ട്. അടുത്ത ലക്ഷ്യം ഇവരെ സംബന്ധിച്ച് ഈ രണ്ട് സംസ്ഥാനവും പിടിക്കുക എന്നതാണ്. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ മുന്നേറ്റം രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് ഭരണകൂടത്തെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ജനകീയ ഭരണമാണ് ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ പ്രധാന തുറുപ്പ് ചീട്ട് ആക്കിയിരുന്നത്. നടപ്പാക്കിയ ഈ മാതൃകയിലാണ് പഞ്ചാബികള്‍ ആകൃഷ്ടരായിരിക്കുന്നത്.ഇക്കാര്യം ചൂണ്ടികാട്ടി തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കും അവര്‍ ശക്തി വ്യാപിപ്പിച്ചിരിക്കുന്നത്.കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കാണ് ആംആദ്മി പാര്‍ട്ടി തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്.

80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി യില്‍ വിജയം ആവര്‍ത്തിച്ചത് മോദിയെ സംബന്ധിച്ച് മൂന്നാം ഊഴ പ്രതീക്ഷ നല്‍കുന്നതാണ്.ഇവിടെയും കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം തന്നെയാണ് യു.പിയിലും ബി.ജെ.പി പിന്തുടര്‍ന്നിരിക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ഭിന്നിച്ചാണ് മത്സരിച്ചത്.ജാതി രാഷ്ട്രീയത്തിനും മീതെയാണ് യു.പിയില്‍ ബി.ജെ.പി കളിക്കുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ വരവും യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്കാണ് ഗുണം ചെയ്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭവും ബി.ജെ.പിക്ക് ക്ഷീണം ചെയ്തിട്ടില്ല. അതേസമയം, വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ചത് ഗുണമാക്കി മാറ്റാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.  

ഇത്തവണയും, കാവി കാര്‍ഡിറക്കി തന്നെയാണ് ബി.ജെ.പി കളിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെ ഇടപെടലും ബി.ജെ.പിയെ സംബന്ധിച്ച് നേട്ടമായി മാറിയിട്ടുണ്ട്. ഗുണ്ടകളെ അമര്‍ച്ച ചെയ്ത യോഗി സര്‍ക്കാര്‍ നടപടി സ്ത്രീ വോട്ടുകളെ ആകര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍, ആ പാര്‍ട്ടിയിലും ഈ പൊട്ടിത്തെറിക്ക് സാധ്യത ഉണ്ട്. യു.പിയില്‍ ബി.എസ്.പിയുടെ വോട്ട് വിഹിതത്തില്‍ നല്ലൊരു വിഭാഗവും ചോര്‍ത്തി കളഞ്ഞിരിക്കുന്നത് ബി.ജെ.പിയാണ്.

പ്രിയങ്കയെ മുന്‍ നിര്‍ത്തി പട നയിച്ച കോണ്‍ഗ്രസ്സിന് തലപൊക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഒരു വ്യക്തിയെ മുന്‍ നിര്‍ത്തിയാല്‍ അട്ടിമറി സാധ്യമാകുമെന്ന കോണ്‍ഗ്രസ്സ് ധാരണയാണ് യുപിയിലെ ജനങ്ങള്‍ പൊളിച്ചടുക്കിയിരിക്കുന്നത്.                                                                                                                                                                                               

സംഘടനാ സംവിധാനം ഇല്ലാതെ നെഹറു കുടുംബത്തെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്നത് കോണ്‍ഗ്രസ്സിന്റെ അതിമോഹമാണ്. രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോക്കും മീതെയാണ്, ബി.ജെ.പി  യു.പി യില്‍ ഉള്‍പ്പെടെ നാല് സംസ്ഥാനത്തും കരുത്ത് തെളിയിച്ചിരിക്കുന്നത്.പ്രിയങ്കക്ക് ചുമതലയുള്ള സംസ്ഥാനമായിട്ടും ഒരു ചെറിയ മുന്നേറ്റം പോലും ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് യു.പിയില്‍ സാധ്യമായിട്ടില്ല. ചാനലുകള്‍ പിറകെ വരുന്നത് പോലെ ജനങ്ങള്‍ പിന്നാലെ വരില്ലന്നത്, ഇനിയെങ്കിലും നെഹറു കുടുംബം തിരിച്ചറിയേണ്ടതുണ്ട്.

അധികാര കൊതി, അഴിമതി, നിഷ്‌ക്രിയമായ സംഘടന, ഏത് നിമിഷവും കൂറുമാറാന്‍ ഒരു മടിയും ഇല്ലാത്ത നേതാക്കള്‍ . . .ഇതെല്ലാമാണ് ,കോണ്‍ഗ്രസ്സിന്റെ വമ്പന്‍ പരാജയത്തിനു ഇപ്പോള്‍ കാരണമായിരിക്കുന്നത്.

 

Top