കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു; പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്രനായി മത്സരിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിംഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ബസി പത്താന മണ്ഡലത്തിലാണ് മനോഹര്‍ സിംഗ് മത്സരിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് ടിക്കറ്റ് എന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് ചന്നിയുടെ സഹോദരന് ടിക്കറ്റ് നിഷേധിച്ചത്.

സിറ്റിംഗ് എം.എല്‍.എ ഗുര്‍പ്രീത് സിംഗിനാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ സീറ്റ് കൊടുത്തത്. ചന്നിക്കും കുടുംബത്തിനും ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ബസി പത്താന. ഗുര്‍പ്രീത് സിംഗ് കഴിവില്ലാത്തവാണെന്നും അദ്ദേഹത്തിന് സീറ്റ് കൊടുത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പ്രമുഖര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 86 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Top