ലോക്സഭ തെരഞ്ഞെടുപ്പ്: അച്ചു ഉമ്മനെ കോട്ടയത്ത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടക കക്ഷികളുമായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുന്നണിയിലെ ചെറുപാര്‍ട്ടികളായ സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതൃത്വം അവസാനമായി സംസാരിച്ചത്. ഇരുവരും ലോക്‌സഭാ സീറ്റ് വേണ്ടെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യമാണ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടത്.

കോട്ടയം സീറ്റിന്റെ പേരിലാണ് കേരള കോണ്‍ഗ്രസുമായി തര്‍ക്കമുള്ളത്. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു കോട്ടയം സീറ്റ്. എന്നാല്‍ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അച്ചു ഉമ്മനെ അവിടെ മത്സരിപ്പിക്കണമെന്നും കോണ്‍ഗ്രസിനുള്ളില്‍ ആവശ്യമുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് കോട്ടയം സീറ്റിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കൊല്ലം സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ ധാരണയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ച അഞ്ചാം തിയതി നടക്കും. സീറ്റ് ധാരണ അന്ന് അന്തിമമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാം തീയതിക്കുള്ളില്‍ സീറ്റ് ധാരണ ആയില്ലെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കം താമസിക്കാനും കാലേക്കൂട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് തടസ്സം നേരിടുമെന്ന് ചില നേതാക്കള്‍ ആശങ്കപ്പെട്ടിട്ടുണ്ട്. ഇത് മുന്നില്‍ കണ്ടാണ് സീറ്റ് ചര്‍ച്ചകള്‍ വേഗത്തില്‍ നടത്തുന്നത്.

ഒന്നാം ഘട്ട ആശയവിനിമയം പൂര്‍ത്തിയായതോടെ ഇനി സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അധിക സീറ്റ് ആവശ്യപ്പെടുന്ന മുസ്ലിം ലീഗുമായും സീറ്റ് മാറ്റ ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസുമായും നടക്കും. മലബാര്‍ മേഖലയില്‍ ലീഗ് ഒരുസീറ്റ് അധികം ആവശ്യപ്പെടുന്നുണ്ട്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാം സീറ്റ് ആണ് ലീഗിന്റെ ആവശ്യം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനാണ് ലീഗ് ഉന്നമിടുന്നത്. ഇതിന് പുറമെ കണ്ണൂര്‍, വടകര മണ്ഡലങ്ങളിലും ലീഗിന് കണ്ണുണ്ട്. നിലവില്‍ സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സാധരണ പോലെയല്ല ഇത്തവണ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യമെന്നും വേണമെന്ന ഉറച്ച നിലപാടിലാണെന്നുമാണ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

Top