ലോക്ഡൗണ്‍: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പൊള്ളത്തരം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പൊള്ളയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

വ്യത്യസ്ത ജനവിഭാഗങ്ങളെ പരിഗണിക്കാതെ എല്ലാവര്‍ക്കുമായി ഒരുപോലെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

കോൺഗ്രസ് നേതാവ് പി.ചിദംബരവും പ്രധാനമന്ത്രിയെ വിമർശിച്ചു രംഗത്തെത്തി. ‘രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ഉപജീവനത്തിനായി സ്വയം സമ്പാദിക്കേണ്ട അവസ്ഥയിലാണെന്നും പ്രിയ രാജ്യമേ കരയൂ’ എന്ന തരത്തില്‍ മോദി സര്‍ക്കാരിന്റെ ലോക്കഡൗണ്‍ സമീപനത്തെ വിമര്‍ശിച്ച് കൊണ്ട് ചിദംബരം ട്വിറ്ററില്‍ കുറിച്ചത്.

’21ദിവസം കൂടാതെ ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.പണവുമുണ്ട്, ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു തരുന്നുമില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ കരയൂ’ എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.

ദരിദ്രര്‍ക്കുള്ള ഒരു സഹായവും പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി. സാമ്പത്തിക പാേക്കജോ മധ്യവര്‍ഗത്തിന് അവശ്യവസ്തുക്കളെത്തിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശമില്ല. ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും കൃത്യമായ സഹായം ആവശ്യമാണെന്നും സുര്‍ജേവാല പറഞ്ഞു.

ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ് പോലെയുണ്ട് പ്രഖ്യാപനമെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തത്. പാവപ്പെട്ടവര്‍ക്ക്, മധ്യവര്‍ഗ്ഗക്കാര്‍ക്ക്, ചെറുകിട കച്ചവടക്കാര്‍ക്ക് കൂടുതല്‍ ആശ്വാസ പാക്കേജുകള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top