ശിവസേന ശത്രുവല്ല; ട്രേഡ് യൂണിയനുകളെ പൊളിക്കാന്‍ കോണ്‍ഗ്രസ് സൃഷ്ടിച്ചതെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി : ശിവസേനയെ സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്ന രഹസ്യത്തിന് സ്ഥിരീകരണവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശ്. മുംബൈ നഗരത്തെ 1960കളില്‍ അടക്കിഭരിച്ച ട്രേഡ് യൂണിയനുകളെ എതിരിടാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ശിവസേനയെ സൃഷ്ടിച്ചതെന്നാണ് ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമേശ് വ്യക്തമാക്കിയത്.

കോണ്‍ഗ്രസും, ശിവസേനയും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്നുള്ളവരായി തോന്നുമെങ്കിലും യാഥാര്‍ത്ഥ്യം മറിച്ചാണെന്നാണ് ജയറാം രമേശിന്റെ പക്ഷം. രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് ശിവസേനയുടെ രൂപീകരണത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശിവസേനയുടെ ആശയങ്ങളെ എതിരിട്ടിരുന്നെങ്കിലും 1967ല്‍ എസ്‌കെ പാട്ടീലും, വി പി നായികുമാണ് പലവിധത്തിലും ശിവസേനയെ രൂപീകരിക്കുന്നതിലേക്ക് എത്തിച്ചത്. അന്ന് മുംബൈയെ അടക്കിഭരിച്ച ട്രേഡ് യൂണിയനുകളായ എഐടിയുസി, സിഐടിയു എന്നിവയുടെ മേധാവിത്വം പൊളിക്കുകയായിരുന്നു ഉദ്ദേശം. ശിവസേന സ്ഥാപിക്കപ്പെട്ട വര്‍ഷങ്ങളില്‍ പാട്ടീലും, നായികുമായിരുന്നു മുംബൈയുടെ തലപ്പത്ത് ഉണ്ടായിരുന്നത്’, ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

മുംബൈയുടെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു മൂന്ന് തവണ ബോംബെ മേയറായ എസ്‌കെ പാട്ടീല്‍. 1963 മുതല്‍ 75 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവാണ് വി പി നായിക്. പിന്നീട് പല അവസരങ്ങളിലും കോണ്‍ഗ്രസിനൊപ്പം ശിവസേന നിന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 1980ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ അബ്ദുള്‍ റഹ്മാന്‍ ആന്തുലെയെ പിന്തുണച്ച ആദ്യ വ്യക്തി ബാല്‍താക്കറെയായിരുന്നു. പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ എന്‍ഡിഎ സഖ്യം വിട്ടിറങ്ങിയ താക്കറെ പ്രണബ് മുഖര്‍ജിക്കും ഈ വിധം പിന്തുണ നല്‍കി, ജയറാം രമേശ് ചൂണ്ടിക്കാണിച്ചു.

തൊഴിലാളി സമരങ്ങളില്‍ പൊറുതിമുട്ടിയ ബോംബെയില്‍ ട്രേഡ് യൂണിയന്റെ ശക്തി ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശിവസേനയെ കൂട്ടുപിടിച്ചത്. ഇതിന് ആവശ്യമായ പണവും കോണ്‍ഗ്രസാണ് നല്‍കിയതെന്നാണ് പറയപ്പെടുന്നത്.

Top