ഉപതിരഞ്ഞെടുപ്പില്‍ അപകടം മണത്ത് മുല്ലപ്പള്ളിയും യു.ഡി.എഫ് നേതൃത്വവും . .

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇനി ഒരു ‘ദുരന്തം’ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. കാരണം മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹമിപ്പോള്‍ വിളിച്ച് പറയുന്നതെല്ലാം അത്രക്കും വലിയ വിഡ്ഢിത്തരങ്ങളാണ്.

പ്രതിപക്ഷത്തെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടിയെ നയിക്കേണ്ടവര്‍ക്ക് സാമാന്യ ബോധമൊക്കെ നല്ലതാണ്. അതല്ലങ്കില്‍ നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന അവര്‍ക്ക് തന്നെ ഉള്ള നിലവും നഷ്ടമാകുന്ന സാഹചര്യമാണുണ്ടാവുക.


രാജ്യം ഏറ്റവും അധികം ഭരിച്ച കോണ്‍ഗ്രസ്സിന്റെ ഏക കച്ചിതുരുമ്പാണിപ്പോള്‍ കേരളം. രാഹുല്‍ ഗാന്ധി പോലും ലോകസഭയെ പ്രതിനിധീകരിക്കുന്നത് ഈ മണ്ണില്‍ നിന്നാണ്. ഇവിടെ കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നുവെന്ന ഭീതിയാണ് മുല്ലപ്പള്ളിയുടെ സമനിലയും തെറ്റിച്ചിരിക്കുന്നത്.

നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ട് കച്ചവടം നടത്താന്‍ പദ്ധതിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. തെളിവുകള്‍ കെ.പി.സി.സിയുടെ പക്കല്‍ ഉണ്ടെന്നും സമയമാകുമ്പോള്‍ പുറത്ത് വിടുമെന്നുമാണ് വാദം.

ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ശക്തമായ മറുപടി കൊടുത്തിട്ടുണ്ട്. ‘കുറച്ച് വോട്ടുകള്‍ക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നാണ് മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന മറുപടി’. ഒരു സി.പി.എം നേതാവ് എന്ന നിലയില്‍ പറയേണ്ട കാര്യം തന്നെയാണ് പിണറായി ഇവിടെ പറഞ്ഞിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ബാധ്യതയുമാണ്.

എന്നാല്‍ സാമാന്യ യുക്തിയുള്ള ഏതൊരാള്‍ക്കും മുല്ലപ്പള്ളിയുടെ ആരോപണത്തിന് പിന്നിലെ ചേദോവികാരം മനസ്സിലാക്കാവുന്നതാണ്. ഭയത്തില്‍ നിന്നുള്ള ഒരു പ്രതികരണമാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതില്‍ മഞ്ചേശ്വരം ലീഗും കോന്നിയും വട്ടിയൂര്‍ക്കാവും എറണാകുളവും കോണ്‍ഗ്രസ്സുമാണ് കുത്തകയാക്കി വച്ചിരിക്കുന്നത്. ഈ കോട്ടകളില്‍ പലതും ഇത്തവണ പൊളിഞ്ഞ് വീഴുമെന്ന് ശരിക്കും കോണ്‍ഗ്രസ്സ് ഭയക്കുന്നുണ്ട്. പ്രത്യേകിച്ച് മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ അവസ്ഥ വളരെ മോശമാണ്.

മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തവണ യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തെ തുടര്‍ന്നായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കാന്‍ ജയസാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥിയെ ഇടതിനെ പിന്തുണച്ചിരുന്ന ഒരു വിഭാഗവും പിന്തുണയ്ക്കുകയായിരുന്നു.

ഇങ്ങനെ കഷ്ടിച്ച് രക്ഷപ്പെട്ട ഈ രണ്ട് മണ്ഡലങ്ങളിലും വലിയ വെല്ലുവിളിയാണ് യു.ഡി.എഫ് നേരിടുന്നത്. മേയര്‍ വി.കെ പ്രശാന്തിനെ ഇറക്കി വട്ടിയൂര്‍ക്കാവും ശങ്കര്‍ റൈയെ മുന്‍ നിര്‍ത്തി മഞ്ചേശ്വരവും പിടിച്ചെടുക്കാനാണ് ഇത്തവണ ഇടതുപക്ഷം ശ്രമിക്കുന്നത്. ഇപ്പോള്‍ തന്നെ ഈ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി – സി.പി.എം നേര്‍ക്കുനേര്‍ പോരാട്ടമായിമാറിയ സാഹചര്യമാണുള്ളത്.

സിറ്റിംഗ് മണ്ഡലങ്ങളില്‍ പ്രചരണത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത് വോട്ടെടുപ്പിലും ബാധിച്ചാല്‍ യു.ഡി.എഫിനെ സംബന്ധിച്ച് അത് വലിയ ദുരന്തമായാണ് മാറുക. കോന്നിയിലെയും സ്ഥിതി വ്യത്യസ്തമല്ല, ഇവിടെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പമാണ് മൂന്ന് മുന്നണികളും എത്തിയിരിക്കുന്നത്. കെ.സുരേന്ദ്രനെ ഇറക്കി ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ് കുമാറിനെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്.

സിറ്റിംഗ് എം.എല്‍.എ ആയിരുന്ന അടൂര്‍ പ്രകാശിന്റെ നോമിനിയെ തഴഞ്ഞതില്‍ വിളറിപൂണ്ട ഒരു വിഭാഗം കോണ്‍ഗ്രസ്സില്‍ കലാപക്കൊടിയും ഉയര്‍ത്തികഴിഞ്ഞു.

ഇതോടെ മൂന്ന് സിറ്റിംഗ് സീറ്റുകളിലും വലിയ അഗ്‌നിപരീക്ഷണമാണ് യു.ഡി.എഫിപ്പോള്‍ നേരിടുന്നത്. പാലായിലെ അട്ടിമറി വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന ചെമ്പടയെയാണ് യു.ഡി.എഫ് ശരിക്കും ഭയക്കുന്നത്. ബി.ജെ.പി – സി.പി.എം പോരാട്ടമായി മാറിയാല്‍ പണി പാളുമെന്ന് സാക്ഷാല്‍ മുല്ലപ്പള്ളിക്ക് മാത്രമല്ല ചെന്നിത്തലയ്ക്കുപോലും അറിയാം.

അതുകൊണ്ട് തന്നെയാണ് ഒരു മുഴം മുന്‍പേ വോട്ട് കച്ചവടം ആരോപിച്ച് മുല്ലപ്പള്ളി തന്നെ രംഗത്ത് വന്നിരിക്കുന്നത്. താന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കെ തകര്‍ന്നടിഞ്ഞാല്‍ ഉള്ള കസേരയും തെറിക്കുമെന്ന ആശങ്കയും അദ്ദേഹത്തെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്.

പാലായില്‍ കേരള കോണ്‍ഗ്രസ്സുകളുടെ തമ്മിലടി പരാജയ കാരണമായി വാദിക്കുന്നവര്‍ക്ക് മറ്റു സിറ്റിംഗ് സീറ്റുകള്‍കൂടി നഷ്ടമായാല്‍ പിന്നെ
മിണ്ടാന്‍പോലും കഴിയുകയില്ല.

ലോകസഭയില്‍ 19 സീറ്റ് നേടിയതിന്റെ ആവേശം പാലായിലെ പാലം തകര്‍ന്നപ്പോള്‍ തന്നെ യു.ഡി.എഫിന് നഷ്ടമായി കഴിഞ്ഞു. ഇനി അവശേഷിക്കുന്നതുംകൂടി കൈവിട്ടാല്‍ അധികാരത്തില്‍ തിരിച്ചു വരാമെന്ന സ്വപ്നംകൂടിയാകും തകര്‍ന്ന് തരിപ്പണമാവുക.

അത്തരമൊരു സാഹചര്യത്തില്‍ യു.ഡി.എഫ് സംവിധാനം തന്നെ തകര്‍ന്ന് ഘടകകക്ഷികള്‍ ഗുഡ് ബൈ പറയുമെന്ന ആശങ്കയും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നിലവിലുണ്ട്. സിറ്റിംഗ് എം.എല്‍.എമാരെ ലോകസഭയിലേക്ക് മത്സരിപ്പിച്ചത് തന്നെ വലിയ വിഡ്ഢിത്തരമായി എന്ന തോന്നല്‍ ഇപ്പോഴാണ് ശരിക്കും യു.ഡി.എഫ് നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്.

ഇടതുപക്ഷത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് സി.പി.എമ്മിനെ സംബന്ധിച്ച്, ഇതൊരു സുവര്‍ണ്ണാവസരമാണ്. സിറ്റിംഗ് സീറ്റായ അരൂര്‍ നില നിര്‍ത്തി മറ്റ് നാല് സീറ്റില്‍ എത്ര എണ്ണം പിടിച്ചാലും അത് ഭരണ തുടര്‍ച്ചക്കുള്ള ആത്മവിശ്വാസമാണ് അവര്‍ക്ക് നല്‍കുക.

സി.പി.എം ബി.ജെ.പിയുമായി വോട്ട് കച്ചവടത്തിന് ധാരണയിലെത്തി എന്ന് പറഞ്ഞാല്‍ മതന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടിയെടുക്കാമെന്നാണ് കോണ്‍ഗ്രസ്സ് കരുതിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയില്‍ രക്ഷകനെ കണ്ട് ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ന്യൂനപക്ഷ വിഭാഗം ഉപതിരഞ്ഞെടുപ്പില്‍ കൈവിടുമെന്ന ഭയം യു.ഡി.എഫ് നേതൃത്വത്തിലും വ്യാപകമാണ്.

ഈ യാഥാര്‍ത്ഥ്യങ്ങളാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മുല്ലപ്പള്ളിയെ പ്രേരിപ്പിച്ചിരിക്കുന്നത്. മുല്ലപ്പള്ളി ഇതാദ്യമായല്ല ഇത്തരം വിഡ്ഢിത്തങ്ങള്‍ പുലമ്പുന്നത്. മുന്‍പ് സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ടും സമാനമായ പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടാണ് ലോക് നാഥ് ബെഹ്‌റയെ, പിണറായി ഡി.ജി.പിയായി നിയമിച്ചതെന്നായിരുന്നു മുന്‍ ആരോപണം.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെയും അമിത് ഷായെയും വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയതിന് പ്രത്യുപകാരമായാണ് ഇങ്ങനെ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റയെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. സ്വന്തം പാര്‍ട്ടി നേതാക്കളുടേയോ മുന്നണി നേതാക്കളുടെയോ പോലും പിന്തുണ നേടാന്‍ കഴിയാത്ത ഉണ്ടയില്ലാവെടിയായി പിന്നീട് ഈ ആരോപണവും മാറുകയാണുണ്ടായത്.

രാജ്യത്തെ ഒരു മുഖ്യമന്ത്രിക്കും മറ്റൊരു പാര്‍ട്ടിക്കും നേരെ നടത്താത്ത പ്രതിഷേധമാണ് സംഘപരിവാര്‍ സി.പി.എമ്മിനും പിണറായിക്കും എതിരെ നടത്തിയിരുന്നത്.

മറ്റൊരു സംസ്ഥാനങ്ങളിലും കേരള മുഖ്യമന്ത്രിയെ കാല് കുത്തിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധകൊടി ഉയര്‍ത്തിയത് പരിവാര്‍ സംഘടനകളാണ്. പിണറായിയുടെ തലക്ക് കോടികള്‍ ഇനാം പ്രഖ്യാപിച്ചതാകട്ടെ ഒരു ആര്‍.എസ്.എസ് നേതാവുമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഈ നേതാവിനെ പിന്നീട് അവര്‍ക്ക് തന്നെ സസ്‌പെന്റ് ചെയ്യേണ്ടിയും വന്നിരുന്നു.

മമത ബാനര്‍ജി സര്‍ക്കാറിനെതിരെ പോലും നടത്താത്ത പ്രതിഷേധമാണ് കേരളത്തില്‍ ബി ജെ.പി ദേശീയ നേതൃത്വം ഇടപെട്ട് നടത്തിയിരുന്നത്. ചുവപ്പ് ഭീകരത ആരോപിച്ച് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് നയിക്കാന്‍ അമിത് ഷാ തന്നെയാണ് രംഗത്തിറങ്ങിയിരുന്നത്. രാജ്യത്തെ മുഴുവന്‍ ബി.ജെ.പി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുത്ത ഈ മാര്‍ച്ച് ദേശീയ തലത്തില്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ സംഭവമായിരുന്നു. ഇതെല്ലാമാണ് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ ബോധപൂര്‍വ്വം ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വീണ്ടും ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്. ജന്മിത്വത്തിന് എതിരെ മാത്രമല്ല, ജാതീയതക്കും, വര്‍ഗ്ഗീയതക്കും എതിരെ കൂടി പോരാടിയാണ് കമ്യൂണിസ്റ്റുകള്‍ കേരളത്തിന്റെ മണ്ണ് ചുവപ്പിച്ചിരിക്കുന്നത്.

ആരോട് സന്ധി ചെയ്താലും എവിടെ വിട്ടു വീഴ്ച ചെയ്താലും ഒരു കമ്യൂണിസ്റ്റിനും കാവി രാഷ്ട്രിയത്തോട് സമരസപ്പെടാന്‍ കഴിയുകയില്ല. പ്രത്യേയശാസ്ത്രപരമായ ബോധമാണത്. തെരുവില്‍ പിടഞ്ഞ് വീണ അനവധിപേരുടെ ഓര്‍മ്മകള്‍ പോലും സാക്ഷ്യപ്പെടുത്തും ആ പകയുടെ ആഴത്തെ.

കാവി രാഷ്ട്രിയത്തിനും ഒരിക്കലും ചുവപ്പ് രാഷ്ട്രിയത്തോട് സന്ധി ചെയ്യാനാവില്ല. കേരളത്തില്‍ അവരെ നയിക്കുന്ന ബോധം തന്നെ കടുത്ത കമ്യൂണിസ്റ്റ് വിരോധമാണ്.

അമിത് ഷാ മുതല്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് വരെ ഏറ്റവും കൊടിയ ശത്രുവായി കാണുന്നതും കമ്യൂണിസ്റ്റുകളെയാണ്. അവസാനത്തെ കമ്യൂണിസ്റ്റുകളെയും തുരത്തും വരെയും വിശ്രമമില്ലന്ന് ഈ സംഘപരിവാര്‍ നേതാക്കള്‍ പറയുന്നത് തന്നെ കമ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രത്തോടുള്ള വിരോധം ഒന്നുകൊണ്ടുമാത്രമാണ്.

കേരളമാണ് തങ്ങളുടെ അടുത്ത ടാര്‍ഗറ്റ് എന്ന് പറഞ്ഞ് ബി.ജെ.പി ദേശീയ നേതൃത്വം മുന്നോട്ട് പോകുന്നത് കോണ്‍ഗ്രസ്സിനെ ലക്ഷ്യമിട്ടല്ല, കമ്യൂണിസ്റ്റുകളെ ലക്ഷ്യമിട്ടാണ്. പിണറായി സര്‍ക്കാര്‍ പോകണം എന്ന് രാജ്യത്ത് ഏറ്റവും അധികം ആഗ്രഹിക്കുന്നതും സംഘപരിവാര്‍ നേതൃത്വം തന്നെയാണ്.

ഇവിടെ അബ്ദുള്ളക്കുട്ടിയെ പോലെ ഖദറിനെ കാവിയണിയിക്കാന്‍ ബി.ജെ.പിയെ സംബന്ധിച്ച് വിരല്‍ ഒന്ന് ഞൊടിച്ചാല്‍ മാത്രം മതിയാകും. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ അടുത്ത് ‘ആ പരിപ്പ് വേവുകയില്ല’. അവസാന ശ്വാസംവരെ കാവി രാഷ്ട്രീയത്തിനെതിരെ അവര്‍ പൊരുതും. അതാണ് ചരിത്രം. ഈ യാഥാര്‍ത്ഥ്യത്തിനുമേല്‍ മുള്ള് വിതറാന്‍ ശ്രമിച്ചാല്‍ അത് മുല്ലപ്പള്ളിക്കും യു.ഡി.എഫിനും തന്നെയാണ് തിരിച്ച് കൊള്ളുക. അക്കാര്യം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Express view

Top