കോണ്‍ഗ്രസ് കളക്ടറേറ്റ് മാര്‍ച്ച്‌ ; കെ സുധാകരന് മുന്നറിയിപ്പ് നൽകി പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ പുതിയ ആരോപണത്തിന് പിന്നാലെ കോൺ​ഗ്രസ് നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് മുന്നറിയിപ്പ് നൽകി പോലീസ് . മാർച്ചുകളിൽ സംഘർഷമുണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഇന്ന് നടക്കുന്ന പ്രതിഷേധങ്ങളിൽ വലിയ രീതിയിലുള്ള സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ സംഘർഷമുണ്ടായിരുന്നു. വരും ദിവസങ്ങളിലെല്ലാം പ്രതിഷേധവും സമരവും ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റുകളിലേക്കാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനാണ് നിർവഹിക്കുന്നത്.

എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ആലപ്പുഴയിൽ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ. മുരളീധരൻ എം.പി, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കണ്ണൂരിൽ എം. ലിജു, കോഴിക്കോട് വി.പി. സജീന്ദ്രൻ, മലപ്പുറത്ത് പി.സി. വിഷ്‌ണുനാഥ് എം.എൽ.എ, വയനാട്ടിൽ ടി. സിദ്ധിഖ് എം.എൽ.എ, തൃശൂരിൽ ബെന്നി ബഹനാൻ എം.പി, പാലക്കാട്ട് വി.കെ. ശ്രീകണ്‌ഠൻ എം.പി, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, പത്തനംതിട്ടയിൽ വി.ടി. ബൽറാം,ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ മാർച്ച് ഉദ്ഘാടനം ചെയ്യും.

 

Top