രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കു പിന്നിലും ‘തിരക്കഥ’ കോൺഗ്രസ്സ് ചതിച്ചത് പ്രതിപക്ഷ പാർട്ടികളെ !.

കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കുകയും ലോക്‌സഭാ അംഗത്വം റദ്ദ്‌ ചെയ്തതിനും എതിരെ ഇടതുപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വന്നത് ശരിക്കും ഒരു പിഴവു തന്നെയാണ്. കോൺഗ്രസ്സ് നേതൃത്വത്തിന്റെ പിടുപ്പ്കേട് ഒന്നു കൊണ്ടു മാത്രം ഉണ്ടായ വിധിയാണിത്. ചോദിച്ചു വാങ്ങിയ വിധി എന്നു തന്നെ പറയേണ്ടിവരും. അപകീർത്തികേസ് രാഹുൽ ഗാന്ധിക്കെതിരെയാണെന്നറിഞ്ഞിട്ടും കേസ് നടത്തിപ്പിന്റെ ഒരു സമയത്ത് പോലും ഗുജറത്ത് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയോ കോൺഗ്രസ്സ് ഹൈക്കമാന്റോ ഇതിനു വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. ഇത് മനപൂർവ്വമാണ് എന്നു സംശയിക്കാനാണ് ഞങ്ങൾക്കിഷ്ട്ടം. അതിനാകട്ടെ അതിന്റേതായ ന്യായീകരണങ്ങളുമുണ്ട്.

ഭാരത് ജോഡോ യാത്ര നടത്തിയിട്ടു പോലും പ്രതിപക്ഷ പാർട്ടികൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തയ്യാറായിരുന്നില്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ബദൽ നീക്കം തുടങ്ങിയതും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പുതിയ സഖ്യം പ്രഖ്യാപിച്ചതുമെല്ലാം കോൺഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ച് അമ്പരിപ്പിച്ച സംഭവങ്ങളാണ്. രാഹുലിനെ മാത്രമല്ല കോൺഗ്രസ്സിനെയും വിശ്വാസത്തിലെടുക്കാൻ കഴിയില്ലന്ന പ്രതിപക്ഷത്തിന്റെ ഈ നിലപാട് തിരുത്തിക്കാൻ കോൺഗ്രസ്സ് നടത്തിയ ബുദ്ധിപരമായ നീക്കത്തിന്റെ പരിണിത ഫലമാണ് കോടതിയിൽ നിന്നും ഇപ്പോൾ ചോദിച്ചു വാങ്ങിയിരിക്കുന്നത്.

ഭാരത് ജോഡോ യാത്ര നടത്താൻ രാഹുലിനെയും കോൺഗ്രസ്സ് നേതാക്കളെയും ഉപദേശിച്ച രാഷ്ട്രീയ തന്ത്രജ്ഞ്ൻ തന്നെയാണ് ഈ ബുദ്ധിക്കും പിന്നിലെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ ഉത്തരവാദിത്വപ്പെട്ട നിയമ കേന്ദ്രങ്ങളില്‍ നിന്നും സഹായം തേടാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് “പിശക് പറ്റിയെന്ന്” ഒഴുക്കൻ മട്ടിൽ പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് കോൺഗ്രസ്സ് നേതൃത്വം ശ്രമിച്ചിരിക്കുന്നത്. പൊതു സമൂഹത്തെ സംബന്ധിച്ച് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു മറുപടിയല്ല ഇത്. വേണ്ടത്ര ജാഗ്രതയും ഗൗരവവും സൂറത്തിലെ ഈ കേസിന്റെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ്‌ നേതൃത്വം കാണിച്ചിട്ടില്ല.

നിയമപരമായി നിലനില്‍ക്കാത്ത ഒരു എഫ്‌.ഐ.ആര്‍ ആണ്‌ ഈ കേസിന്റെ അടിസ്ഥാനം എന്ന്‌ കോടതിയെ ധരിപ്പിക്കാന്‍ ഒന്നു ശ്രമിച്ചാൽ നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതവർ വേണ്ടന്നു വച്ചത് തന്നെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണ്. രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ മോദിയുടെ യഥാർത്ഥ ശത്രുവാണ് രാഹുൽ എന്ന പ്രചരണമാണ് കോൺഗ്രസ്സ് അഴിച്ചു വിട്ടിരിക്കുന്നത്. ഖദർധാരികൾ തെരുവിലിറങ്ങിയിരുന്നതും പ്രതീക്ഷിച്ച വിധി പോലെയായിരുന്നു. പരമാവധി രാഷ്ട്രീയ മുതലെടുപ്പ് തന്നെയായിരുന്നു കോൺഗ്രസ്സ് ലക്ഷ്യമിട്ടിരുന്നത്.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ മിന്നൽ വേഗത്തിൽ സംഭവിക്കേണ്ട നടപടി മാത്രമാണ് ഈ അയോഗ്യത എന്ന് അറിയാമായിരിന്നിട്ടും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും രാഹുലിനെ പിന്തുണച്ചു രംഗത്തുവരേണ്ട സാഹചര്യമാണ് തുടർന്ന് രാജ്യത്ത് സംജാതമായിരുന്നത്. കോൺഗ്രസ്സിന്റെ ശക്തരായ എതിരാളികളായ സി.പി.എം ജനപ്രതിനിധികൾക്കു പോലും ഈ വിഷയം ഉയർത്തി തെരുവിൽ ഇറങ്ങേണ്ടി വന്നതും അസാധാരണ കാഴ്ച തന്നെയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനു മാത്രമല്ല ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും തെലങ്കാന മുഖ്യമന്തി ചന്ദ്രശേഖര റാവുവും ഉൾപ്പെടെ പ്രതിപക്ഷ നിരയിലെ സകല മുഖ്യമന്ത്രിമാർക്കും രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ പരസ്യ പ്രതികരണം നടത്തേണ്ടി വന്നത് അപ്രതീക്ഷിതം തന്നെയാണ്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആർ.ജെ.ഡി നേതാവ് തേജ്വസിയാഥവും രൂക്ഷമായാണ് കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ചിരുനത്. ഇതിൽ ആവേശഭരിതരായ കോൺഗ്രസ്സ് വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. മോദി സർക്കാറിനെ നേരിടുന്ന കോൺഗ്രസ്സിനെയും രാഹുൽ ഗാന്ധിയെയും ആണ് ബി.ജെ.പിയും സംഘപരിവാറും ഭയക്കുന്നന്ന പ്രചരണമാണ് ബോധപൂർവ്വം കോൺഗ്രസ്സ് നേതൃത്വം നടത്തിയത്. പ്രതിപക്ഷ ചേരിയിലെ കോൺഗ്രസ്സ് വിരുദ്ധ മുന്നണിയുടെ ചിറകൊടിക്കുക എന്നതു തന്നെയാണ് ലക്ഷ്യം. ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ രംഗത്ത് വന്നതിനെ ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന് ആക്ഷേപിച്ചതിലൂടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോൺഗ്രസ്സിന്റെ തനിനിറമാണ് കാണിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി മോദി ഭരണകൂടത്തിനെതിരായി വലിയൊരു തരംഗമുണ്ടാക്കിയപ്പോള്‍ അതിന്റെ ഷെയര്‍ പിടിക്കാന്‍ വേണ്ടിയാണ് സിപിഎമ്മുകാരെല്ലാം ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റിട്ടതെന്നാണ് സതീശൻ പരിഹസിച്ചിരുന്നത്. തികച്ചും അപഹാസ്യമായ നിലപാടാണിത്. “നന്ദികേട്” എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിവരും. സ്വന്തം നേതാവ് അയോഗ്യനാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് സമരം നടക്കുമ്പോൾ അറസ്റ്റ് ഭയന്ന് കോൺഗ്രസ്സ് നേതാക്കൾ തലയിൽ മുണ്ടിട്ട് ഓടിയപ്പോൾ സധൈര്യം രാഹുലിനു വേണ്ടി അറസ്റ്റു വരിച്ചവരാണ് സി.പി.എം എം.പിമാർ. സതീശൻ അതു മറന്നാലും രാജ്യം അത് മറക്കുകയില്ല.

ഇത്രയും വലിയ ഒരു രാഷ്ട്രീയ ധാർമ്മികത ഇടതുപക്ഷം ഉൾപ്പടെയുളള പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസ്സിനോട് കാണിക്കേണ്ടതില്ലായിരുന്നു. കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് ഒന്നാം നമ്പർ എതിരി ബി.ജെ.പിയും സംഘപരിവാർ സംഘടനകളുമാണ്. ഈ കാവിക്കൂട്ടത്തിനു നേരെ ലഭിക്കുന്ന ഏത് ആയുധവും കമ്യൂണിസ്റ്റു പാർട്ടികൾ പ്രയോഗിക്കുക തന്നെ ചെയ്യും. പ്രത്യയ ശാസ്ത്രപരമായ ആ നിലപാടിനെയാണ് സതീശനെ പോലെയുള്ള കോൺഗ്രസ്സ് നേതാക്കൾ അവസരവാദപരമായ നിലപാടായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്. ഈ പ്രതികരണത്തിലൂടെ വിശ്വസിക്കാൻ പറ്റാത്ത പാർട്ടിയാണ് കോൺഗ്രസ്സ് എന്നാണ് അവർ വീണ്ടും തെളിയിച്ചിരിക്കുന്നത്.

‘അയോഗ്യത’ എന്ന ചെപ്പടി വിദ്യ ഉയർത്തിക്കാട്ടിയതു കൊണ്ടൊന്നും കോൺഗ്രസ്സിനെ രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുകയില്ല. 10 വർഷത്തെ യു.പി.എ ഭരണത്തിലെ അഴിമതി മാത്രം മതി ആ പാർട്ടിയുടെ തനിനിറം വ്യക്തമാകാൻ മാത്രമല്ല കോൺഗ്രസ്സിന് വോട്ട് ചെയ്ത് ജയിപ്പിച്ചാലും അവർ നാളെ ബി.ജെ.പിയിലേക്കാണ് ചേക്കേറുക. അതാണ് ചരിത്രവും. രാഹുൽ അയോഗ്യനായിൽ പകരം വരാനിരിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. നെഹറു കുടുംബാംഗം എന്നതിലുപരി റോബർട്ട് വാദ്ര എന്ന വിവാദ ബിസിനസ്സുകാരന്റെ ഭാര്യ എന്ന നിലയിലാണ് പ്രിയങ്ക ഗാന്ധിയും വിലയിരുത്തപ്പെടാൻ പോകുനത്. ഏറെ ഗൗരവമുള്ള വിഷയമാണിത്. യു പി.എ സർക്കാറിന്റെ കാലത്ത് തന്നെ അധികാരത്തിന്റെ ഇടനാഴികളിൽ വിലസിയ റോബർട്ട് വാദ്ര പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയായിൽ എന്തൊക്കെ ചെയ്തു കൂട്ടുമെന്നതും രാഷ്ട്രീയ ഇന്ത്യ തിരിച്ചറിയുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

Top