ജാമ്യ ക്ലബില്‍ ചിദംബരവും; കോണ്‍ഗ്രസിന്റെ ‘ആഘോഷത്തില്‍’ പരിഹാസവുമായി ബിജെപി

കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതി ആഘോഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച മുന്‍ ധനമന്ത്രി പി ചിദംബരം പുറത്തിറങ്ങുന്നതിനുള്ള പാര്‍ട്ടി പ്രതികരണമെന്ന് ബിജെപി. ‘ജാമ്യക്കാരുടെ ക്ലബില്‍’ പി ചിദംബരവും എത്തിച്ചേര്‍ന്നതായി ബിജെപി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ ചിദംബരത്തിന് ജാമ്യം കിട്ടിയതില്‍ ആഘോഷം നടത്തുന്ന കോണ്‍ഗ്രസ് നിലപാടിന് എതിരെയാണ് ബിജെപിയുടെ വിമര്‍ശനം.

ബിജെപി ദേശീയ വക്താവ് സാംബിത് പത്രയാണ് പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ആദ്യം രംഗത്ത് വന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ പേരുകളും പത്ര തന്റെ ട്വീറ്റില്‍ പരാമര്‍ശിച്ചു. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഴിമതി ആഘോഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണം. ഒടുവില്‍ കോണ്‍ഗ്രസിന്റെ ജാമ്യ ക്ലബില്‍ ചിദംബരവും എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ ഉന്നത ക്ലബിലെ ചില അംഗങ്ങള്‍ ഇവരാണ്: 1) സോണിയാ ഗാന്ധി 2) രാഹുല്‍ ഗാന്ധി 3) റോബര്‍ട്ട് വദ്ര 4) മോട്ടിലാല്‍ വോഹ്‌റ 5) ഭൂപീന്ദര്‍ ഹൂഡ 6) ശശി തരൂര്‍ തുടങ്ങിയവര്‍’, സാംബിത് പത്ര ട്വീറ്റ് ചെയ്യുന്നു.

105 ദിവസത്തെ കസ്റ്റഡിക്ക് ഒടുവിലാണ് മുന്‍ ധനമന്ത്രി പി ചിദംബരത്തിന് മൂന്നംഗ ബെഞ്ച് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 21നാണ് ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ നാടകീയമായി അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഒക്ടോബര്‍ 16ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഈ കേസിലാണ് ഇപ്പോള്‍ സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഇതോടെ നൂറു ദിവസത്തിന് മുകളില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞ ശേഷം കോണ്‍ഗ്രസ് നേതാവ് പുറത്തുവരും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ എത്തി ചിദംബരത്തിന് പിന്തുണ അറിയിച്ചിരുന്നു.

Top