കോണ്‍ഗ്രസ് സ്ഥാനാ‌ര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി : ലോക് സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത്.

സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇന്നലെ പൂര്‍ത്തിയായിരുന്നു. ശേഷം എഐഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും കേരള നേതാക്കളുമായി മണിക്കൂറുകള്‍ നീണ്ട അനൗപചാരിക ചര്‍ച്ചയും നടത്തി.

ജാതി സമവാക്യം ഉറപ്പിക്കാന്‍ ചാലക്കുടിയില്‍ ബെന്നി ബെഹനാന് പകരം കെപി ധനപാലനെ പരിഗണിച്ചേക്കും. എറണാകുളത്ത് സിറ്റിംഗ് എംപി കെവി തോമസ് തുടരണോ എന്നതില്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിട്ടു. വിജയ സാധ്യത പരിഗണിച്ചു ഹൈബി ഈഡന്റെ പേരും മണ്ഡലത്തിലേക്ക് സജീവ പരിഗണനയില്‍ ഉണ്ട്.

ഇടുക്കിയില്‍ പിജെ ജോസഫിന് സീറ്റു നല്‍കില്ല. കോണ്ഗ്രസ് തന്നെ മത്സരിക്കുന്ന സീറ്റില്‍ ജോസഫ് വാഴക്കന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പേരുകളാണ് പട്ടികയില്‍. ആലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, വടകര ടി സിദ്ദിഖ്, അഭിജിത് എന്നിവരുടെ പേരുകളാണ് അന്തിമ ഘട്ടത്തില്‍ പരിഗണനയില്‍. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകള്‍ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നാണ് വിവരം.

Top