സ്ക്രീ​നിം​ഗ് ക​മ്മി​റ്റി പൂ​ര്‍​ത്തി​യാ​യി ; കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ഏകദേശ ധാരണയായെന്ന് സൂചന. സ്‌ക്രീനിംഗ് കമ്മിറ്റി യോഗം പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെയുണ്ടായേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നാളെ നാല് മണിക്ക് യോഗം ചേരും. സിറ്റിങ് എം.പിമാരുടെ കാര്യം തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും.

ചില മണ്ഡലങ്ങളില്‍ ഒന്നിലധകം പേരുകള്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇവര്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്യും. ഇതിനു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.

ആലപ്പുഴ, എറണാകുളം, വയനാട് തുടങ്ങി 7 മണ്ഡലങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയായിരുന്നു. കെ.സി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധി എടുക്കും.

എറണാകുളത്ത് കെ.വി തോമസിനൊപ്പം ഹൈബി ഈഡന്റെ പേരുകൂടി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കെ.വി തോമസിനെ സ്‌ക്രീനിങ് കമ്മിറ്റി വിളിച്ചു വരുത്തി നിലപാടാരാഞ്ഞിരുന്നു. ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, കെ.സുധാകരന്‍, ദിവ്യ ഹരിദാസ്, സുബ്ബയ്യ റായ് എന്നിവരുടെ കാര്യത്തില്‍ കഴിഞ്ഞ യോഗത്തില്‍ ധാരണയായിരുന്നു. ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍ എന്നിവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.

Top