ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കുന്നതിനെ പിന്തുണച്ച് സിഡബ്ല്യുസി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിനെ പിന്തുണച്ച് സിഡബ്ല്യുസി. പാര്‍ട്ടിക്ക് സ്വാധീനമുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ 150 വരെ നേടാനാകുമെന്നും സഖ്യത്തിലൂടെ ബാക്കി സീറ്റുകളില്‍ വിജയിക്കാനാകുമെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ പി. ചിദംബരം വ്യക്തമാക്കി. ബൂത്ത് തലം മുതല്‍ സംഘടന ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കണമെന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

അതേസമയം, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബി.ജെ.പിയെയും മറ്റു സംഘപരിവാര്‍ സംഘടനകളെയും തോല്‍പിക്കാന്‍ തന്ത്രപ്രധാനമായ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്നും നേതാക്കള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒഴിവാക്കണമെന്നും മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.

നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിന്‍കീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവരെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തില്‍നിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Top