തോല്‍വിയുടെ കാരണങ്ങള്‍ തേടി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തോല്‍വിയുടെ കാരണങ്ങള്‍ തേടി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്റെ തീരുമാനം. വോട്ടെണ്ണലില്‍ വലിയ തോല്‍വിയിലേക്ക് പോകുമ്പോഴായിരുന്നു ആരേയും ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞ വിഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

എന്നാല്‍ പരാജയത്തിന്റെ വലിയ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ നേതൃത്വത്തിന് നേരെ നീളുന്ന ചോദ്യമുനകളെ ഭയന്ന് പ്രവര്‍ത്തക സമിതി വിളിക്കാനുള്ള തീരുമാനം പിന്നാലെയെത്തി. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ് തീരുമാനം.

പിന്നാലെ പാഠം പഠിക്കുമെന്നും ആത്മപരിശോധന നടത്തുമെന്നുമുളള രാഹുല്‍ഗാന്ധിയുടെ ട്വീറ്റുമെത്തി. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്.

എന്തായാലും തോല്‍വിയില്‍ തുടങ്ങി വക്കുന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്. നേതൃമാറ്റമെന്ന ആവശ്യം ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും മുഖവിലക്കെടുക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Top