സലിംകുമാറിനെ ക്ഷണിക്കാത്ത സംഭവം; ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‍കരിച്ച് കോണ്‍ഗ്രസ്

കൊച്ചി: ഐഎഫ്എഫ്‍കെയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ നടന്‍ സലിംകുമാറിനെ ക്ഷണിക്കാത്ത വിഷയത്തിൽ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‍കരിച്ച് കോൺഗ്രസ്. ഹൈബി ഈഡന്‍ എംപിയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “സലിം കുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‍കരിക്കുന്നു.” എന്നായിരുന്നു ഹൈബി ഈഡന്‍ കുറിച്ചത്. ഹൈബി ഈഡനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം സലിം കുമാര്‍ ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കൊച്ചിയിലെ ഐഎഫ്എഫ്കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സലിം കുമാർ നേരത്തെ തീർത്തു പറഞ്ഞിരുന്നു. കോടതി പിരിഞ്ഞതിനുശേഷം വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തന്നെ മാറ്റിനിര്‍ത്തിയപ്പോള്‍ ചിലരുടെ താല്‍പര്യം സംരക്ഷിക്കപ്പെട്ടെന്നും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നുമായിരുന്നു സലിം കുമാര്‍ പറഞ്ഞത്. എന്നാല്‍ സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ചെന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമൽ പ്രതികരിച്ചത്. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാവാം എന്നും കമൽ ആരോപിച്ചിരുന്നു.

Top