ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കം; ടോം വടക്കന്റെ പാര്‍ട്ടി മാറ്റത്തില്‍ പ്രതികരിച്ച് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത്.

ടോം വടക്കന്റെ വരവ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഉള്ള ഒഴുക്കിന്റെ തുടക്കമാമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇനിയും ഇത് തുടരുമെന്നും ബിജെപി വിളിച്ചാല്‍ ആ നിമിഷം വരാന്‍ ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍ പിളള വ്യക്തമാക്കി. ടോം വടക്കന്റെ വരവ് നേരത്തെ തന്നെ അറിഞ്ഞിരുന്ന താന്‍ മാധ്യമങ്ങളോട് പറയാതിരുന്നതാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടി മാറ്റ പ്രഖ്യാപനം ടോം വടക്കന്‍ നടത്തിയത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ടോം വടക്കന്‍ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കികൊണ്ടിരിക്കുകയാണെന്നും ടോം വടക്കന്‍ വ്യക്തമാക്കിയിരുന്നു.

Top