അധികാര മോഹികള്‍ ഉള്ളിടത്തോളം കോണ്‍ഗ്രസ്സില്‍ ബി.ജെ.പി പ്രതീക്ഷ !

”ഇത്തവണ ഇല്ലങ്കില്‍, ഇനി ഒരിക്കലും ഇല്ല’ എന്നു പറയുന്നത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ് കോണ്‍ഗ്രസ്സുകാര്‍ വോട്ട് തേടാന്‍ ഒരുങ്ങുന്നതും. കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരന്‍ തുറന്നു പറയുക കൂടി ചെയ്തതോടെ ആശങ്കയിലായിരിക്കുന്നത് യു.ഡി.എഫ് അണികളാണ്. കോണ്‍ഗ്രസിന് ഇത്തവണ നിര്‍ണായക പോരാട്ടമാണെന്നും സുധാകരന്‍ തുറന്നടിച്ചിട്ടുണ്ട്. ഇത്തവണ കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന കാര്യത്തില്‍ ഒരു തിരുത്തലിനു പോലും ഇതുവരെ സുധാകരന്‍ തയ്യാറായിട്ടില്ല.

രാഹുല്‍ ഗാന്ധിയും ഇതുതന്നെയാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് സുധാകരന്‍ ശ്രമിച്ചിരിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ ബിജെപി വളരാന്‍ കാരണം കോണ്‍ഗ്രസ്സാണെന്നു പറയുന്ന സുധാകരന്‍ ബിജെപിയിലേക്ക് പോയവരില്‍ ഏറെയും കോണ്‍ഗ്രസുകാരാണെന്ന യാഥാര്‍ത്ഥ്യവും സമ്മതിച്ചിട്ടുണ്ട്. ‘കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രാഷ്ട്രീയ എതിരാളി സിപിഎമ്മാണ്. ബിജെപി ശത്രുവല്ല, അത് ഓരോ കോണ്‍ഗ്രസുകാരന്റെയും ഉള്ളിലുള്ള വികാരമാണെന്നും’ സുധാകരന്‍ പറയുമ്പോള്‍ ഈ വാദത്തെ നിസാരമായി തളളിക്കളയാന്‍ രാഷ്ട്രീയ കേരളത്തിനും കഴിയുകയില്ല.

ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും ദഹിക്കാത്ത നിലപാടാണിത്. സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് കേന്ദ്രം നല്‍കുന്നതാണെന്ന ബിജെപി പ്രചരണവും ഇപ്പോള്‍, ഈ കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് സഞ്ചി വാങ്ങി കേരളത്തില്‍ കിറ്റ് കൊടുക്കുകയാണെന്ന് ബിജെപിയും വ്യാപകമായാണ് പ്രചരിപ്പിച്ചു വരുന്നത്. ഇതെല്ലാം ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ളതാണെന്ന വസ്തുത മറച്ചുവച്ചാണ് ബിജെപിയും സുധാകരനും സംയുക്ത പ്രചരണം നടത്തുന്നതെന്നാണ് സി.പി.എമ്മും ആരോപിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസുകാരെയും ബിജെപിക്ക് വിലക്കെടുക്കാവുന്നതേ ഉള്ളുവെന്ന തുറന്നു സമ്മതിക്കല്‍ കൂടിയായാണ് കെ സുധാകരന്റെ പ്രസ്താവനയെ സി.പി.എമ്മും വിലയിരുത്തുന്നത്. ഇക്കാര്യം ഉയര്‍ത്തി വ്യാപക പ്രചരണമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തു വിജയിപ്പിച്ചാല്‍ അവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണമാണ് ഇടതുപക്ഷം പ്രധാനമായും ഉയര്‍ത്തുന്നത്.”40 എം.എല്‍.എമാര്‍ മതി, കേരളത്തില്‍ സര്‍ക്കാറുണ്ടാക്കാനെന്ന” ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം ആക്രമണം കടുപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പ്രചരണം നടത്താന്‍ ഇടതുപക്ഷത്തിന് അവസരം കൊടുത്തിരിക്കുന്നത് തന്നെ കോണ്‍ഗ്രസ്സ് നേതാക്കളാണ്.

വിനാശകാലേ വിപരീത ബുദ്ധി എന്നു തന്നെയാണ് ഈ നീക്കത്തെയും വിലയിരുത്തേണ്ടത്. ഇന്നത്തെ കോണ്‍ഗ്രസ്സാണ് നാളത്തെ ബി.ജെ.പി എന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണിപ്പോള്‍ തുറന്നു സമ്മതിക്കുന്നത്. ഇത്തവണ ഇല്ലങ്കില്‍ ഒരിക്കലുമില്ലെന്ന് പറഞ്ഞാല്‍ കൂട്ടത്തോടെ മത ന്യൂനപക്ഷങ്ങള്‍ വോട്ടു ചെയ്യുമെന്ന വ്യാമോഹമാണ് അവരെ നയിക്കുന്നത്. പ്രബുദ്ധ കേരളം ഈ തന്ത്രവും തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച് ബി.ജെ.പിയാകുന്നതിലും നല്ലത് അത്തരക്കാര്‍ വിജയിക്കാതിരിക്കുന്നത് തന്നെയാണ്.

കോണ്‍ഗ്രസ്സ് നശിച്ചു കാണണമെന്ന് ഒരിക്കലും ഒരു ഇടതുപക്ഷ പ്രവര്‍ത്തകനും ആഗ്രഹിക്കുകയില്ല. മതേതര പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് ഇവിടെ നിലനില്‍ക്കുക തന്നെ വേണം. അതിനു വേണ്ടി പക്ഷേ ആദ്യം സ്വന്തം പാര്‍ട്ടിക്കകത്താണ് രാഹുല്‍ ഗാന്ധി ശുദ്ധീകരണം നടത്തേണ്ടത്. കടലില്‍ ചാടിയതു കൊണ്ടു മാത്രം കോണ്‍ഗ്രസ്സിനു മേല്‍ ചാര്‍ത്തപ്പെട്ട ‘പാപക്കറകള്‍’ കഴുകിക്കളയാന്‍ കഴിയുകയില്ല. അതിനു ആദ്യം വേണ്ടത് വ്യക്തമായ നയവും പരിപാടിയുമാണ്. നേതാക്കളായി ഉയര്‍ത്തി കൊണ്ടു വരുന്നതിന് മാനദണ്ഡം വ്യക്തി പൂജയാണെങ്കില്‍, ഇതിനപ്പുറം ഇനിയും സംഭവിക്കും.

പണം വാങ്ങി സീറ്റുകള്‍ നല്‍കുന്ന ഏര്‍പ്പാട് തന്നെ അവസാനിപ്പിക്കേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. അങ്ങനെ സ്ഥാനാര്‍ത്ഥിയാകുന്നവര്‍ക്ക് പാര്‍ട്ടിയുമായി ഒരു കമ്മിറ്റ്‌മെന്റും ഉണ്ടാകുകയില്ലന്നതും മനസ്സിലാക്കണം. വിജയിച്ചു കഴിഞ്ഞാല്‍ ഇവരെല്ലാം രാഷ്ട്രീയ എതിരാളിയുടെ പാളയത്തില്‍ ചേക്കേറുന്നതും അതുകൊണ്ടാണ്. ഗോവ, കര്‍ണ്ണാടക, മധ്യപ്രദേശ്, പോണ്ടിച്ചേരി ഭരണങ്ങള്‍ കോണ്‍ഗ്രസ്സിന് നഷ്ടമായതു തന്നെ നേതാക്കളുടെ അധികാരകൊതി മൂലമാണ്. പണത്തിനും പദവിക്കും മീതെ പറക്കുന്ന നേതാക്കളാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാവേണ്ടത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് കണ്ടു പഠിക്കേണ്ടത് സി.പി.എം രാജ്യസഭാംഗം ജര്‍ണാദാസിനെയാണ്.

ത്രിപുരയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി കൂടിക്കാഴ്ചയ്‌ക്കെത്തിയ ജര്‍ണാദാസിനോട് ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്കാണ് ചുട്ട മറുപടി ഈ ജനപ്രതിനിധിയില്‍ നിന്നും ലഭിച്ചിരുന്നത്. ബിജെപി അധ്യക്ഷനെ കാണാനല്ല ആഭ്യന്തര മന്ത്രിയെ കാണാനാണ് താന്‍ എത്തിയതെന്നും ഒരു മാര്‍ക്‌സിസ്റ്റ് തനിച്ചായാലും ബിജെപിയുടെ വര്‍ഗീയ ആശയത്തിനെതിരായി പൊരുതുമെന്നുമാണ് ജര്‍ണാദാസ് തുറന്നടിച്ചിരുന്നത്. രാജ്യമെമ്പാടുമുള്ള എംപിമാരെയും എംഎല്‍എമാരെയും രാഷ്ട്രീയ നേതാക്കളെയും പണവും പ്രലോഭനവും നല്‍കി വിലയ്‌ക്കെടുത്ത് ശീലിച്ചവര്‍ക്കുള്ള അപ്രതീക്ഷിത മറുപടി തന്നെയായിരുന്നു അത്.

ത്രിപുരയില്‍ ഏതെല്ലാം വിധമാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതെന്ന് കൂടി, അമിത് ഷായോട് വിവരിച്ച ശേഷമാണ് ഈ സി.പി.എം ജനപ്രതിനിധി ഡല്‍ഹിയില്‍ നിന്നും മടങ്ങിയിരുന്നത്. ഇതു പോലെ ചങ്കുറപ്പോടെ പറയാന്‍ ശേഷിയുള്ള എത്ര നേതാക്കളാണ് കോണ്‍ഗ്രസ്സിലുള്ളത്? ചൂണ്ടിക്കാട്ടാന്‍ രാഹുലിന് പോലും ബുദ്ധിമുട്ടുണ്ടാകും. താന്‍ ഒരിക്കലും കാവി പാളയത്തിലേക്ക് പോകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാക്ഷാല്‍ സുധാകരന്‍ തന്നെ ശരിക്കും ബുദ്ധിമുട്ടും. ഇതാണ് കോണ്‍ഗ്രസ്സിലെ നിലവിലെ അവസ്ഥ. ഈ സമീപനം മാറ്റാതെ കോണ്‍ഗ്രസ്സിന് ഒരിക്കലും മുന്നേറാന്‍ കഴിയുകയില്ല.

കാവിക്ക് വളമായി ഖദര്‍ മാറിയാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെയാണ് ഭീഷണിയാകുക. എന്നാല്‍, ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നവര്‍ തന്നെയാണിപ്പോള്‍ ബി.ജെ.പിയിലേക്ക് ചേക്കേറാനും ക്യൂ നില്‍ക്കുന്നത്. വിരോധാഭാസപരമായ നിലപാടാണിത്. അബ്ദുള്ളക്കുട്ടിക്ക് പിന്‍ഗാമികളെ തേടുന്ന കാവിപ്പടക്ക്, പ്രതീക്ഷ നല്‍കുന്നതും, അണിയറയിലെ ഈ കരുനീക്കങ്ങളിലാണ്.

Top