ഇടതുപക്ഷത്തിനെതിരെ മഹാസഖ്യത്തിന് അണിയറയില്‍ വന്‍ കരുനീക്കങ്ങള്‍ . . .

k-l-b-n

കേരളത്തിൽ ഇടതുപക്ഷത്തിന്റെ സമ്പൂർണ്ണ പരാജയം ഉറപ്പുവരുത്താൻ ലോകസഭ തിരഞ്ഞെടുപ്പിൽ അപ്രഖ്യാപിത കോ-ലീ-ബി-എൻ സഖ്യം വരാൻ സാധ്യത.

1991-ലെ പോലെ പ്രകടമായ ഒരു സഖ്യം ഉണ്ടാവില്ലങ്കിലും അണിയറയിൽ ചുവപ്പ് രാഷ്ട്രീയത്തെ തുടച്ച് നീക്കാൻ സർവ്വ കമ്യൂണിസ്റ്റ് വിരുദ്ധരും സംഘടിക്കാനുള്ള ഒരുക്കത്തിലാണ്. 91 – ൽ കോൺഗ്രസ്സും ബി.ജെ.പിയും ലീഗും ഉൾപ്പെട്ട കോ- ലീ -ബി സഖ്യമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അതിൽ എൻ.എസ്.എസിന്റെ രഹസ്യ പിന്തുണ കൂടി ആകുമ്പോൾ കോ-ലീ-ബി-എൻ സഖ്യമായി മാറിയേക്കും.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട്, ലോകസഭ മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. അട്ടിമറി വിജയത്തിന് പൊതു സമ്മതരായ അപ്രതീക്ഷിത സ്ഥാനാർത്ഥികളെയും ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ ലോകസഭ സീറ്റുകൾ ഉറപ്പാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ശബരിമല വിഷയത്തിൽ ബി.ജെ.പിക്കൊപ്പം നിന്ന എൻ.എസ്.എസ്, മുന്നോക്ക സംവരണം കൂടി കേന്ദ്രം നടപ്പാക്കിയതോടെ പൂർണ്ണമായും ബി.ജെ.പി പാളയത്തിൽ എത്തിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.ബി.ഡി.ജെ.എസ് ഇപ്പോഴും എൻ.ഡി.എയിൽ തന്നെ തുടരുന്നത് പിന്നോക്ക വോട്ടുകൾ നേടാൻ ഒരു പരിധിവരെ സഹായകരമാകുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.

മറ്റ് 15 സീറ്റുകളിലും ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ പരാജയം ഉറപ്പു വരുത്തുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് സംഘപരിവാറിൽ ശക്തമായിരിക്കുന്നത്.

ഒരു എം.പി പോലും കേരളത്തിൽ നിന്നും ചെങ്കൊടി തണലിൽ ലോകസഭയിൽ എത്തരുതെന്ന വാശി ആർ.എസ്.എസിനാണ് കൂടുതൽ ഉള്ളത്.

യു.ഡി.എഫ് ജയിച്ചാലും ഇടതുപക്ഷം ജയിച്ചാലും കേന്ദ്രത്തിൽ നിലപാട് ഒന്നു തന്നെ ആയിരിക്കും എന്നതിനാൽ യു.ഡി.എഫ് കൂടുതൽ സീറ്റിൽ വിജയിച്ചാലും സംഘപരിവാറിനെ സംബന്ധിച്ച് ആശങ്കയില്ല.

പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം കേരളത്തിൽ വ്യാപകമായി ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ വേട്ടയാടപ്പെടുന്നതിന് അറുതി വരുത്തണമെങ്കിൽ നല്ല ഷോക്ക് ട്രീറ്റ് അനിവാര്യമാണെന്നാണ് ആർ.എസ്.എസ് നിലപാട്.

ലോകസഭ തിരഞ്ഞെടുപ്പിൽ നിലംപരിശായാൽ പിണറായി സർക്കാറിന്റെ കൊമ്പാണ് പൊട്ടി പോവുകയെന്നും അവർ കരുതുന്നു.പിന്നെ സുഗമമായി ഭരിക്കാൻ പിണറായി സർക്കാറിന് കഴിയില്ലന്നും ഇടതുപക്ഷത്ത് തന്നെ പൊട്ടിത്തെറി ഉണ്ടാകുമെന്നുമാണ് ആർ.എസ്.എസ് കണക്കുകൂട്ടൽ.

വ്യാപക സി.പി.എം ആക്രമണങ്ങളും ആർ.എസ്.എസ് മേധാവിയെ പാലക്കാട്ട് അപമാനിക്കാൻ ശ്രമിച്ചതും ഏറ്റവും ഒടുവിൽ ഹർത്താലിന്റെ പേരിൽ തുടരുന്ന വ്യാപക അറസ്റ്റുമെല്ലാം ചൂണ്ടിക്കാണിച്ചാണ് തിരഞ്ഞെടുപ്പ് അടവുനയം അണികൾക്ക് മുന്നിൽ ആർ.എസ്.എസ് നേതൃത്വം അവതരിപ്പിക്കുന്നത്.

ശബരിമലയിലെ യുവതീ പ്രവേശനത്തിലൂടെ ഹിന്ദു സമുദായത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്നും തിരിച്ചടിക്കേണ്ടത് അനിവാര്യമാണെന്ന് കൂടി ഓർമ്മപ്പെടുത്തുന്നതും ഇതേ അജണ്ട മുൻനിർത്തി തന്നെയാണ്.

ഇതു സംബന്ധമായി ബി.ജെ.പി നേതൃത്വവുമായും പ്രമുഖ ആർ.എസ്.എസ് നേതാക്കൾ ആശയ വിനിമയം നടത്തിയതായാണ് ലഭിക്കുന്ന സൂചന. ദേശീയ നേതൃത്വം കൂടി പച്ചക്കൊടി കാണിച്ചാൽ തിരഞ്ഞെടുപ്പ് അടവു നയത്തിൽ അധികം താമസിയാതെ തന്നെ തീരുമാനമുണ്ടാകും.കേഡർ സംവിധാനം സംഘപരിവാർ സംഘടനകൾക്ക് കേരളത്തിൽ ഉള്ളതിനാൽ രഹസ്യ തീരുമാനങ്ങൾ നടപ്പാക്കാനും സംഘടനാതലത്തിൽ എളുപ്പമാണ്.

ശബരിമല വിഷയത്തോടെ ബി.ജെ.പി വിജയപ്രതീക്ഷ വച്ചു പുലർത്തുന്ന 5 മണ്ഡലങ്ങളിൽ ചിലതിൽ കോൺഗ്രസ്സിന്റെ രഹസ്യ പിന്തുണ ഉറപ്പു വരുത്താനും അണിയറയിൽ നീക്കമുണ്ട്. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവിനെ ഇടനിലക്കാരനാക്കിയും എൻ.എസ്.എസിനെ മുൻനിർത്തിയുമാണ് ഈ കരുനീക്കം.

ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മറ്റൊരു പാർട്ടിയുടെയും പിന്തുണ ഇല്ലാതെ തന്നെ വിജയമുറപ്പിക്കാൻ കഴിയുമെന്ന് ബി.ജെ.പി – ആർ.എസ്.എസ് നേതാക്കൾ കരുതുന്നു.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 2,81,818 വോട്ടുകൾ ഇവിടെ നിന്നും ഒ.രാജഗോപാൽ നേടിയിരുന്നു.ഈ മണ്ഡലത്തിനു പുറമെ ബി.ജെ.പി പ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ടയിലും കോൺഗ്രസ്സ് ആണ് നിലവിൽ വിജയിച്ചിരിക്കുന്നത്. പത്തനംതിട്ട എം.പി ആന്റോ ആന്റണി എ.ഗ്രൂപ്പുകാരനായതിനാൽ ഐ വിഭാഗത്തിന്റെ പിന്തുണ തേടാനും നീക്കമുണ്ട്. എൻ.എസ്.എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ എന്നിവരെ ഇതിനായി സ്വാധീനിക്കാനാണ് ശ്രമം. വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്ന കെ.സി വേണുഗോപാലിന് എൻ.എസ്.എസ് പിന്തുണ അനിവാര്യമായതിനാൽ ‘കൊടുക്കൽ വാങ്ങലിനുള്ള’ സാധ്യതയും പാളയത്തിലെ പാരവയ്പിനും സാധ്യത വളരെ കൂടുതലാണ്.

ആറ്റിങ്ങൽ, തൃശൂർ, പാലക്കാട് മണ്ഡലങ്ങൾ ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കുന്നതിനും യു.ഡി.എഫ് വോട്ടുകൾ ബി.ജെ.പിയെ സംബന്ധിച്ച് അനിവാര്യമാണ്.

സംസ്ഥാനത്തെ യു.ഡി.എഫ് അനുകൂല ന്യൂനപക്ഷ വോട്ട് ബാങ്കിൽ പോലും ഇടതുപക്ഷം ഇപ്പോൾ വിള്ളൽ വീഴ്ത്തിയതായ സംശയം ഉള്ളതിനാൽ പിടിച്ചുനിൽക്കാൻ ബി.ജെ.പിയുമായി രഹസ്യ ധാരണ കോൺഗ്രസ്സിലെ പല പ്രമുഖ നേതാക്കൾ തന്നെ മനസ്സാ ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ച് യു.പി.എ വീണ്ടും അധികാരത്തിൽ വന്നാൽ കേന്ദ്രമന്ത്രിമാരാകാൻ കുപ്പായം തുന്നിയവർക്കാണ് ഇക്കാര്യത്തിൽ അമിത താൽപ്പര്യം.

അതേസമയം ധാരണ സംബന്ധിച്ച് ചെറിയ ഒരു സൂചനയെങ്കിലും പുറത്തായാൽ ന്യൂനപക്ഷ വിഭാഗം ഒന്നടങ്കം എതിരാകുമെന്ന കാര്യത്തിൽ ഇവർക്കിടയിൽ തന്നെ ആശങ്കയുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിൽ കൂടി ഇടതുപക്ഷം മുന്നേറ്റം നടത്തിയാൽ പിന്നെ യു.ഡി.എഫ് സംവിധാനം തന്നെ പിരിച്ചു വിടേണ്ടി വരുമെന്ന ഭയം മുസ്ലീം ലീഗിനും ഉണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സംബന്ധിച്ചാകട്ടെ ലോകസഭ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് തിരിച്ചടി നേരിട്ടാൽ രാഷ്ട്രീയത്തിലെ നിലനിൽപ് തന്നെ അവതാളത്തിലാകും. പ്രതിപക്ഷ നേതൃസ്ഥാനവും തെറിക്കും. ഭരണ തുടർച്ച ആഗ്രഹിക്കുന്നപിണറായി സർക്കാറിനെ സംബന്ധിച്ച് ഇത്തരമൊരു വിധിയെഴുത്ത് വലിയ ആത്മവിശ്വാസം നൽകുന്നതുമാകും.

കേരള രാഷ്ട്രീയം തിളച്ചുമറിയുന്ന ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ നിലനിൽപ്പു തന്നെ അപകടത്തിലാക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് അണിയറയിൽ പരസ്പര ധാരണകൾക്കായുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുന്നത്.

സംഘപരിവാർ വോട്ട് വേണ്ടെന്ന് പരസ്യമായി ഇനി യു.ഡി.എഫ് നേതാക്കൾ പറഞ്ഞാലും ഒരു ധാരണയും ഉണ്ടായില്ലങ്കിൽ പോലും ഇടതു പരാജയും ഉറപ്പു വരുത്തുമെന്നാണ് ആർ.എസ്.എസ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 43.42 ശതമാനം വോട്ട് നേടിയാണ് ഇടതുപക്ഷം സംസ്ഥാനഭരണം പിടിച്ചിരുന്നത്. 15.02 ശതമാനമാണ് അന്ന് ബി.ജെ.പി നേടിയ വോട്ടിങ്ങ് ശതമാനം. യു.ഡി.എഫിനാകട്ടെ 38.08 ശതമാനം വോട്ടാണ് ലഭിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് നിലവാരമല്ല ലോക സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകുക എന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫും ബി.ജെ.പിയും കരുക്കൾ നീക്കുന്നത്.

Top