മധ്യപ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കല്‍; കോണ്‍ഗ്രസ്-ബിജെപി ‘അങ്കം’

ജ്യോതിരാദിത്യ സിന്ധ്യ പാതിവഴില്‍ പാര്‍ട്ടി ഉപേക്ഷിച്ച് പോയതിന്റെ പ്രത്യാഘാതത്തില്‍ നിന്നും മുക്തമാകാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നിരുന്നാലും സഭയിലെ അവസാന അങ്കത്തിനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി കമല്‍നാഥും, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും. ഇതിന്റെ ആദ്യ നടപടികളുടെ ഭാഗമായി തങ്ങളുടെ ഒപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ ഇവര്‍ ജയ്പൂരിന്റെ പ്രവിശ്യയിലുള്ള റിസോര്‍ട്ടില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിട്ടുണ്ട്.

സിന്ധ്യയുമായി അടുപ്പമുള്ള 22 എംഎല്‍എമാരാണ് മധ്യപ്രദേശിലെ ഭരണപക്ഷത്തില്‍ നിന്നും രാജിവെച്ചിട്ടുള്ളത്. ഏകദേശം 86 എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രക്ഷപ്പെടുത്തി റിസോര്‍ട്ടില്‍ എത്തിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപി തങ്ങളുടെ എംഎല്‍എമാരെ ഗുരുഗ്രാമിലെ ആഡംബര ഹോട്ടലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

പാര്‍ട്ടി ഉപേക്ഷിച്ച 22 എംഎല്‍എമാരെ സിന്ധ്യ ചതിപ്രയോഗത്തിലൂടെയാണ് രാജിവെപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. രാജ്യസഭാ സീറ്റിലെ പോരാട്ടം സംബന്ധിച്ച് അറിഞ്ഞില്ലെന്നും, ഇവര്‍ തിരികെ പാര്‍ട്ടിയിലേക്ക് എത്തുമെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ശോഭാ ഓജ അവകാശപ്പെടുന്നത്. എന്നാല്‍ ബെംഗളൂരുവിലെത്തിയ ഈ എംഎല്‍എമാരുടെ വീഡിയോ പുറത്തുവിട്ടാണ് സിന്ധ്യാ ക്യാംപ് ഇതിനോട് പ്രതികരിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്നതായും, ബിജെപിയില്‍ ചേരുന്ന നേതാവിനൊപ്പം പോകുമെന്നും എംഎല്‍എമാര്‍ പ്രഖ്യാപിക്കുന്നതാണ് വീഡിയോയിലുള്ളത്. സിന്ധ്യയുടെ തീരുമാനമാണ് തങ്ങള്‍ക്ക് വലുതെന്ന് വീഡിയോയില്‍ ആരോഗ്യ മന്ത്രി തുള്‍സി സിലാവത് പ്രഖ്യാപിക്കുന്നുണ്ട്. 22 എംഎല്‍എമാരും ഒരുമിച്ച് നില്‍ക്കുന്നതിന് തെളിവാണ് വീഡിയോ, നാളെയും അതിന് മാറ്റമുണ്ടാകില്ല, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി പ്രഭുറാം ചൗധരി വീഡിയോയില്‍ പറയുന്നു.

Top