സിപിഐഎം റാലിയില്‍ പങ്കെടുക്കേണ്ടെന്ന ലീഗ് തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ്; ഇ പി ജയരാജന്‍

തിരുവനന്തപുരം: സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം അവസാന വാക്കാണെന്ന് കരുതുന്നില്ല എന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടി മുസ്ലിം ലീഗ്. ഇത്തരമൊരു വിഷയത്തില്‍ ലീഗിന് പൂര്‍ണമായും മാറിനില്‍ക്കാന്‍ ആകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

റാലി നടത്തി ലീഗ് നിലപാട് വ്യക്തമാക്കിയതിനല്ല സിപിഐഎം ക്ഷണിച്ചത്. ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ ഇസ്രയേലിന് വേണ്ടി വാദിച്ചു. ലീഗ് റാലിയുടെ ശോഭ കെടുത്തിയവര്‍ ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. സിപിഐഎം റാലിയില്‍ പങ്കെടുക്കേണ്ടെന്ന ലീഗ് തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണ്. അത് കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കും. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരുപാട് സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചാല്‍ ഒറ്റ സീറ്റും കിട്ടില്ല. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം പലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാട് ഉണ്ടെന്നും എല്ലാ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അതീതമായി എല്ലാവരും പലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കണമെന്നും യുഡിഎഫ് കക്ഷി എന്ന നിലയില്‍ സിപിഎം സെമിനാറില്‍ ലീഗിന് പങ്കെടുക്കാനാകില്ലെന്നുമാണ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം. സിപിഎം ക്ഷണത്തിന് നന്ദിയുണ്ട്. സിപിഎം റാലിയില്‍ മതസംഘടനകല്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top