ഡല്‍ഹി തിരഞ്ഞെടുപ്പ്; 54 സീറ്റുകളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുളള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് പട്ടേല്‍ നഗറിലും ഡല്‍ഹി മുന്‍ മന്ത്രി അര്‍വിന്ദര്‍ ലൗലി ഗാന്ധിനഗറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാവും.

ആം ആദ്മിയില്‍ നിന്ന് രാജിവെച്ച ആദര്‍ശ് ശാസ്ത്രിക്ക് ദ്വാരകയിലും അല്‍ക്ക ലാംബയ്ക്ക് ചാന്ദ്‌നി ചൗക്കിലും സീറ്റ് നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് സനം വിഹാറില്‍ ജനവിധി തേടും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആര് മത്സരിക്കണം എന്നകാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല. ബാക്കി 14 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

Top