കോൺഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും തനിനിറം പുറത്ത് കാട്ടിയ മുത്തലാഖ് !

നി മുത്തലാഖ് ബില്ലിനെതിരെയാണ് നിലപാടെന്ന് കോണ്‍ഗ്രസ്സും ലീഗും മിണ്ടിപോകരുത്. നിങ്ങളുടെ മുഖംമൂടിയാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അഴിഞ്ഞു വീണിരിക്കുന്നത്.

മുസ്ലീം സമുദായത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതില്‍ നിന്നും വിട്ടു നിന്ന് കുഞ്ഞാലിക്കുട്ടിയുടെ ലീഗ് തനി സ്വഭാവം കാണിച്ചു. ഇനി സമുദായ പേര് പറഞ്ഞ് മുസ്ലീം വീടുകളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലാണ് ലീഗ് പ്രവര്‍ത്തകരും നേതാക്കളും.

ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പും മുത്തലാഖ് വിഷയത്തോടെ ഇപ്പോള്‍ പുറത്തായി കഴിഞ്ഞു.

മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാതെയാണ് കോണ്‍ഗ്രസ്സ് ഇറങ്ങി പോയത്. ഇതാണ് വലിയ അംഗീകാരത്തോടെ ബില്‍ പാസാക്കാന്‍ വഴി ഒരുക്കിയത്.

മുത്തലാഖിന് എതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കുന്നു എന്ന ഒറ്റ കാരണം മുന്‍നിര്‍ത്തി സി.പി.എം ബില്ലിനെതിരെ വോട്ട് ചെയ്തതും ശ്രദ്ധേയമാണ്.

മുത്തലാഖ് വിഷയത്തില്‍ ലോകസഭയില്‍ യോജിച്ചു പോരാടുക എന്ന പ്രതിപക്ഷ നിലപാടിന് വിരുദ്ധമായാണ് വോട്ടെടുപ്പ് കോണ്‍ഗ്രസ്സ് ബഹിഷ്‌ക്കരിച്ചത്. ഇതോടെ ന്യൂനപക്ഷ സംരക്ഷകര്‍ എന്ന കോണ്‍ഗ്രസ്സിന്റെ അവകാശ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

എല്ലാ മതങ്ങളിലും സിവില്‍ പ്രശ്നമായി കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ മുസ്ലീംങ്ങള്‍ക്കിടയില്‍ മാത്രം ക്രിമിനല്‍വല്‍ക്കരിക്കുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി ഉണ്ടെന്നിരിക്കെ മുത്തലാഖ് ബില്ലിന്റെ ആവശ്യമില്ലെന്നും സി.പി.എം എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ സമത്വത്തിന്റെ പേരില്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്ന ബി.ജെ.പിക്ക് ശബരിമലയുടെ കാര്യത്തില്‍ ആ നിലപാട് ഇല്ലാത്തതിനെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദ്യം ചെയ്യുന്നു.

ഇതോടെ മുത്തലാഖ് വിഷയം ദേശീയ സംസ്ഥാന രാഷ്ട്രീയ മേഖലയില്‍ ഇപ്പോള്‍ കത്തിപ്പടരുകയാണ്.

കുഞ്ഞാലിക്കുട്ടി ബില്ലിന്റെ ചര്‍ച്ചാവേളയില്‍ നിന്നും വിട്ടു നിന്നത് ലീഗിനെയും ബഹിഷ്‌ക്കരണ നീക്കം കോണ്‍ഗ്രസ്സിനെയും ഒരു പോലെ പ്രതിരോധത്തിലാക്കി കഴിഞ്ഞു.

ഇവരുടെ കപട ന്യൂനപക്ഷ സ്നേഹം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രചരണമാണ് സി.പി.എം സോഷ്യല്‍ മീഡിയകളില്‍ അടക്കം ഇപ്പോള്‍ നടത്തി വരുന്നത്.

നിലപാടില്‍ നിന്നും മാറാതെ തന്നെ തന്ത്രപരമായ നീക്കമാണ് സി.പി.എം ഇക്കാര്യത്തില്‍ നടത്തുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ദേശീയ തലത്തില്‍ മാത്രമല്ല കേരളത്തിലും വലിയ വെല്ലുവിളിയാണ് മുത്തലാഖ് വിഷയത്തില്‍ യു.ഡി.എഫ് നേരിടുന്നത്.

Top