മുഖ്യമന്ത്രിക്ക് ഇപ്പോഴും ‘വേദന’ മാറിയില്ല, കര്‍ണ്ണാടക സര്‍ക്കാര്‍ താഴെ പോകുമോ ?

കോണ്‍ഗ്രസ്സിന് അധികാരത്തില്‍ പങ്കാളിത്വമുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ വീണ്ടും പുകയുന്നു. എല്ലാ ദിവസവും വേദനയിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍ സഖ്യ സര്‍ക്കാറിനെ ഉലച്ചിരിക്കുകയാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് നേതാവും കുമാരസ്വാമിയുടെ പിതാവുമായ ദേവഗൗഡ പരാജയപ്പെട്ടത് കോണ്‍ഗ്രസ്സ് കാലുവാരിയത് കൊണ്ടാണെന്നാണ് ജെ.ഡി.എസിന്റെ ആരോപണം. കുമാരസ്വാമിയുടെ മകനും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ജെ.ഡി.എസിനുള്ളില്‍ രൂപപ്പെട്ട പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അംഗസംഖ്യ കൂടുതല്‍ ഉണ്ടായിട്ടും കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കേണ്ടി വന്നതില്‍ പ്രതിഷേധമുള്ള കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ നിലവില്‍ കുമാരസ്വാമിയെ അംഗീകരിക്കാത്ത സാഹചര്യമാണുള്ളത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളാണ് കോണ്‍ഗ്രസ്സിലെ മന്ത്രിമാരില്‍ നല്ലൊരു വിഭാഗവും. ഹൈക്കമാന്റ് കര്‍ക്കശ നിലപാട് സ്വീകരിച്ചത് കൊണ്ടു മാത്രമാണ് സഖ്യം ഇപ്പോഴും താഴെ പോകാതെ നില്‍ക്കുന്നത്.

അതേ സമയം കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് സഖ്യത്തിന് മുന്‍കൈ എടുത്ത കെ.സി.വേണുഗോപാല്‍ ഇവിടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലുമാണ്. കോണ്‍ഗ്രസ്സ് എം.എല്‍.എ അടക്കം വേണുഗോപാലിനെതിരെ പരസ്യമായാണ് പ്രതികരിച്ചിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായതാണ് കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.

ഒറ്റക്ക് മത്സരിച്ചാല്‍ ഭരണത്തില്‍ തിരിച്ചു വരാന്‍ കഴിയുമെന്നാണ് സിദ്ധരാമയ്യ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഹൈക്കമാന്റാകട്ടെ റിസ്‌ക്ക് എടുക്കാന്‍ തയ്യാറല്ല. എങ്ങനെയും സര്‍ക്കാര്‍ താഴെ പോകാതെ നോക്കണമെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. മന്ത്രി ഡി.കെ ശിവകുമാറിനെയാണ് കൂറുമാറ്റത്തിന് തടയിടാന്‍ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെയാണിപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തി കുമാരസ്വാമി തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ താല്‍പ്പര്യം പരിഗണിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ‘വേദന’ പ്രയോഗം സഖ്യത്തെ തന്നെ വേദനിപ്പിച്ചിട്ടുണ്ട്.

പുറത്ത് നിന്ന് നോക്കുമ്പോള്‍ ഞാനാണ് കര്‍ണാടകയുടെ മുഖ്യമന്ത്രി, എന്നാല്‍ ഓരോ ദിവസവും താന്‍ വേദനിക്കുകയാണ്, ഇക്കാര്യം താന്‍ തുറന്ന് പറഞ്ഞാല്‍ പിന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരാണുണ്ടാവുകയെന്നാണ് കുമാരസ്വാമി പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ തന്റെ വേദനയ്ക്ക് പിന്നിലെ കാരണം ആരോടും പറയാന്‍ തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാരിന്റെ നല്ല നടത്തിപ്പിന് എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അത് തന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, സഖ്യസര്‍ക്കാരിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വികാരഭരിതനായ കുമാരസ്വാമി പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞത് രാഷ്ടീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

ഒരു സഹോദരന്‍ മുഖ്യമന്ത്രിയായത് പോലെ വളരെ സന്തോഷത്തോടെയാണ് എന്നെ സ്വീകരിക്കാന്‍ എല്ലാവരും നില്‍ക്കുന്നത്. എന്നാല്‍ താന്‍ മാത്രം ദുഖിതനാണ്. സഖ്യസര്‍ക്കാരിനെ നയിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എനിക്ക് കൃത്യമായി അറിയാം. ഭഗവാന്‍ ശിവനെപ്പോലെ എല്ലാ വേദനകളും സ്വയം ഞാന്‍ ഏറ്റെടുക്കുകയാണെന്നാണ് കുമാരസ്വാമി പറയുന്നത്. കോണ്‍ഗ്രസ്സിനെതിരേ മറ്റ് ജെഡിഎസ് നേതാക്കള്‍ക്കിടയിലും ഇതോടെ പ്രതിഷേധം ശക്തമായി കഴിഞ്ഞു. അത്യന്തം നാടകീയമായ നീക്കങ്ങളിലൂടെ കര്‍ണാടകയില്‍ അധികാരത്തിലേറിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് സഖ്യത്തില്‍ ഭിന്നതകള്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നു.

മന്ത്രിസ്ഥാനത്തെച്ചൊല്ലിയും സര്‍ക്കാരിന്റെ ഭരണരീതികളെപ്പറ്റിയും ചില നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. ഇതിനിടയില്‍ അവസരം മുതലെടുത്ത് സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ബി.ജെ.പിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളുടെ എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ്സിനും ജെ.ഡി.എസിനും കഴിഞ്ഞതാണ് രക്ഷയായിരുന്നത്. എന്നാലിപ്പോള്‍ വീണ്ടും സ്ഥിതി വഷളായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി വീണ്ടും സജീവമായിട്ടുണ്ട്. എങ്ങനെയും സര്‍ക്കാറിനെ താഴെയിട്ട് അധികാരം പിടിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിന് കേന്ദ്രത്തിന്റെ അനുമതിക്കായാണ് മുന്‍ മുഖ്യമന്തി യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാത്തു നില്‍ക്കുന്നത്.

Political Reporter

Top