കോൺഗ്രസ്സും കള്ളപ്പണം ഒഴുക്കി ? അന്വേഷിക്കാൻ ഇന്റലിജൻസ് ടീം . . .

ള്ളപ്പണ വിവാദം കത്തിനില്‍ക്കെ കോണ്‍ഗ്രസ്സിനെതിരെയും ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 120 കോടിയോളം രൂപ കോണ്‍ഗ്രസ്സും ചിലവാക്കിയതായാണ് ആരോപണം. ഇതു സംബന്ധമായി രഹസ്യാന്വേഷണ എജന്‍സികള്‍ അന്വേഷണം നടത്തുന്നതായാണ് വിവരം. രാജസ്ഥാനിലെയും കര്‍ണ്ണാടകയിലെയും ഗോവയിലെയും പ്രധാന കോണ്‍ഗ്രസ്സ് നേതാക്കളാണ് കേരളത്തിലേക്കുള്ള ഫണ്ട് കൈമാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്നാണ് പറയപ്പെടുന്നത്. ഇതു സംബന്ധമായി വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നത്.

ബി.ജെ.പി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ കൊടകര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കാന്‍ ലഭിക്കുന്ന ഒരു അവസരവും കേന്ദ്ര ഏജന്‍സികളും ഇനി പാഴാക്കുകയില്ല. കൊടകര കുഴല്‍പ്പണ കേസില്‍ നിഷ്പക്ഷമായ അന്വേഷണം ഉണ്ടായാല്‍ നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍ തന്നെ തുറന്നടിച്ചിരിക്കുന്നത്. ഇതാകട്ടെ ബി.ജെ.പി നേതൃത്വത്തെ ശരിക്കും പ്രകോപിപ്പിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ്സിന്റെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരാന്‍ അതു കൊണ്ടു തന്നെ ബി.ജെ.പിക്കും അതിയായ ആഗ്രഹമുണ്ട്. അതിനായാണ് അവരും ഇപ്പോള്‍ ശ്രമിക്കുന്നത്.

അതേസമയം തിരഞ്ഞെടുപ്പില്‍ വിനയോഗിക്കപ്പെട്ടു കഴിഞ്ഞ ഫണ്ട് സംബന്ധമായി അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കും പരിമതികള്‍ ഏറെയാണ്. ഇത് അന്വേഷണത്തെ ബാധിക്കുന്നുമുണ്ട്. കള്ളപ്പണ ഇടപാടില്‍ ബി.ജെ.പി വെട്ടിലായത് കൊടകരയില്‍ നിന്നും കോടികള്‍ കവര്‍ന്നതോടെയാണ്. ഈ കേസില്‍ ബി.ജെ.പി ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഏത് നിമിഷവും ഇവരുടെ അറസ്റ്റിനും സാധ്യത കൂടുതലാണ്. മാത്രമല്ല സി.കെ ജാനുവിനും സുന്ദരക്കും പണം നല്‍കിയതായ വെളിപ്പെടുത്തലും ബി.ജെ.പിക്ക് അപ്രതീക്ഷിത പ്രഹരമായിട്ടുണ്ട്. ഹെലികോപ്ടര്‍ യാത്രകള്‍ പോലും കള്ളപ്പണ വിതരണത്തിനായിരുന്നു എന്ന ഗുരുതര ആരോപണമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും നിലവില്‍ നേരിടുന്നത്.

കേരള പൊലീസ് പിടിമുറുക്കിയാല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം പോലും പ്രതിരോധത്തിലായി പോകും. ഇതേ കുറിച്ചെല്ലാം നല്ല ധാരണ ഉള്ളത് കൊണ്ടാണ് ബി.ജെ.പി കേന്ദ്ര നേതാക്കളടക്കം വിഷയത്തില്‍ മൗനം പാലിച്ചിരിക്കുന്നത്. കേസന്വേഷണത്തിലെ കേരള പൊലീസിന്റെ മിടുക്ക് ഡല്‍ഹിയിലുള്ള ഏമാന്‍മാര്‍ക്കെല്ലാം ശരിക്കും അറിവുള്ള കാര്യം തന്നെയാണ്. ചുവപ്പ് ‘റഡാറില്‍ ‘ പെടാന്‍ ഇവരാരും തന്നെ ആഗ്രഹിക്കുന്നുമില്ല.’എ’ ക്ലാസ് മണ്ഡലത്തില്‍ ഉള്‍പ്പെടെ ചിലവിടാന്‍ 150 കോടിയോളം രൂപയാണ് ബി.ജെ.പി ചിലവാക്കിയതെന്നാണ് കേരള പൊലീസിന്റെ നിഗമനം.

ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ചുമതലപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കൊടകര കേസിലെ എഫ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വൈകിയാണ് ശേഖരിച്ചിരിക്കുന്നത്. ഇതാകട്ടെ അസാധാരണവുമാണ്. താരതമ്യേന ചെറിയ തുകയുടെ കള്ളപ്പണം കേരള പൊലീസ് പിടിച്ചാല്‍ പോലും പാഞ്ഞെത്തുന്ന ഏജന്‍സിയാണ് കോടികളുടെ കള്ളപ്പണ കേസില്‍ മെല്ലെപ്പോക്ക് പിന്തുടര്‍ന്നിരിക്കുന്നത്. അതും മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് ശേഷമാണ് എന്നതും നാം തിരിച്ചറിയണം. ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യാഗസ്ഥര്‍ എത്രമാത്രം മുന്നോട്ട് പോകുമെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്. കള്ളപ്പണ കവര്‍ച്ചാ സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ വീട്ടിലും കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ പരിശോധന നടത്തിയിട്ടില്ല. എല്ലാം ചെയ്യുന്നത് കേരള പൊലീസ് മാത്രമാണ്.

പിണറായി പൊലീസിന്റെ ഈ വേഗത തന്നെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയിരിക്കുന്നത്. കള്ളപ്പണ ഇടപാട് ഉന്നതരില്‍ എത്തി നിന്നാല്‍ അത് കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല ദേശിയ രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതമാണുണ്ടാക്കുക. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ്സിനെതിരായ ആരോപണത്തിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ വട്ടമിട്ടു പറക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്നു തന്നെ കള്ളപ്പണ വിനയോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ട് പോകുന്നത്.

കേരള പൊലീസാകട്ടെ  ക്രൈം ആര് നടത്തിയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണുള്ളത്. അത് ബി.ജെ.പിയല്ല കോണ്‍ഗ്രസ്സായാലും നിലപാടില്‍ മാറ്റമില്ലന്നതാണ് പിണറായി പൊലീസിന്റെ പ്രഖ്യാപനം. കാര്യങ്ങള്‍ എന്തായാലും കള്ളപ്പണ ഇടപാട് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി മാറി കഴിഞ്ഞിട്ടുണ്ട്. സമാന ഇടപാട് കോണ്‍ഗ്രസ്സും നടത്തിയിട്ടുണ്ടെങ്കില്‍ അവരും അധികം താമസിയാതെ വെട്ടിലാകും. അതിനുള്ള സാധ്യതകളും ഏറെയാണ്.

Top