കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടാനാകില്ല; തുറന്നുപറഞ്ഞ് കെ സി വേണുഗോപാല്‍

ഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നേരിടാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകേണ്ടതുണ്ടെന്നും വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് പരമാവധി ചെറുക്കണം. ഇതിനായി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ ഐക്യം മുഖ്യ പരിഗണനയായി മാറണം. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പലതവണ പറഞ്ഞിട്ടുള്ളതാണ്. സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ മോദി സര്‍ക്കാരിനെതിരെ, പ്രതിപക്ഷം ഒരുമിക്കാതെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഏതറ്റം വരെ പൊരുതിയാലും ഫലമുണ്ടാകില്ല.

ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് സജ്ജമാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം തന്നെ ഇതിന് ഉദാഹരണമാണ്. അദാനി വഷയത്തില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍കൈയെടുത്ത് പ്രതിപക്ഷനേതാക്കളെ കണ്ടിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ബിജെപിയുടെ ഏകാധിപത്യസര്‍ക്കാരിനെതിരെ പോരാടുകയെന്ന കടുത്ത വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയില്‍ ലഭിച്ച ജനപങ്കാളിത്തവും സ്വീകരണവും ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുന്നതായും കെ സി വേണുഗോപാല്‍ പറഞ്ഞു.

Top