ലഡാക്ക് ഓട്ടോണമസ് ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി കോൺഗ്രസ് സഖ്യം

ലഡാക്ക്: ലഡാക്ക് ഓട്ടോണമസ് ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടന്ന ആദ്യ വോട്ടെടുപ്പിൽ ഞെട്ടിക്കുന്ന തോല്‍വിയാണ് ബിജെപി ഏറ്റുവാങ്ങിയത്. 26 സീറ്റുകളുള്ള ലഡാക്ക് കൗൺസിലിന്റെ വോട്ടെണ്ണലില്‍ കോൺഗ്രസും നാഷണൽ കോൺഫറൻസും ബിജെപിയെ ബഹുദൂരം പിന്നിലാക്കി മുന്നേറി. ഫലം പ്രഖ്യാപിച്ച 22 സീറ്റുകളിൽ കോൺഗ്രസ് എട്ട് സീറ്റും നാഷണൽ കോൺഫറൻസ് 11 സീറ്റും നേടിയാണ് കുതിച്ചത്.

ബിജെപിക്ക് രണ്ട് സീറ്റും ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിക്കുമാണ് ലഭിച്ചത്. കാർഗിലിൽ എൻസിയും കോൺഗ്രസും പോലുള്ള മതേതര പാർട്ടികൾ വിജയിക്കുന്നത് സന്തോഷകരമാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പിഡിപി മത്സരിച്ചിരുന്നില്ല. ”എൻസിയും കോൺഗ്രസും പോലുള്ള മതേതര പാർട്ടികൾ കാർഗിലിൽ വിജയം നേടുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. 2019 ന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ലഡാക്കിലെ ജനങ്ങൾ മറുപടി നല്‍കി” – മെഹബൂബ മുഫ്തി പറഞ്ഞു.

ഏകദേശം 65 ശതമാനം വോട്ടർമാരാണ് തെരഞ്ഞെടുപ്പ് വോട്ട് ചെയ്തിരുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് കഴിഞ്ഞ മാസം ആദ്യമാണ് ലഡാക്ക് ഭരണകൂടം കാർഗിൽ മേഖലയിലെ ലഡാക്ക് ഓട്ടോണമസ് ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിന്‍റെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് എൻസിയുമായി കൈകോർത്ത് 22 സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. എൻസി ഒറ്റയ്ക്ക് 17 സീറ്റിലാണ് മത്സരിച്ചത്. ബിജെപിയുമായി കടുത്ത മത്സരം നടക്കുന്ന പ്രദേശങ്ങളിൽ മാത്രമാണ് സഖ്യമെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിരുന്നു.

Top