അധികാരം, അതാണ് ഇവിടെ എല്ലാം . . . യു.പി.എ വന്നാൽ യു.ഡി.എഫിൽ ‘അടി’

news-feature

കേന്ദ്രത്തില്‍ ഇനി യു.പി.എക്ക് എങ്ങാന്‍ ഭരണം കിട്ടിയാലുള്ള സ്ഥിതി എന്തായിരിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്നും ഉണ്ടായിരുന്നത് 8 കേന്ദ്ര മന്ത്രിമാരാണ്.

എ.കെ.ആന്റണി, വയലാര്‍ രവി, ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ്, ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്നിവരാണിവര്‍. ഇതില്‍ ഇ. അഹമ്മദ് മരണപ്പെട്ടു. ആന്റണിയും വയലാര്‍ രവിയും മത്സര രംഗത്തില്ലെങ്കിലും ഭരണം കിട്ടിയാല്‍ ആന്റണി മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ലീഗില്‍ നിന്ന് രണ്ടില്‍ ഒരാള്‍ മന്ത്രിയുമാകും.

നിലവിലെ സിറ്റിംഗ് എം പിമാര്‍ മത്സരിക്കട്ടെ എന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിലപാട് സ്വീകരിച്ചതിനാല്‍ വയനാട് ഒഴികെ മറ്റിടങ്ങളിലെല്ലാം വലിയ മാറ്റത്തിന് സാധ്യതയില്ല.

അതായത് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ എണ്ണം കുറയില്ലെന്ന് അര്‍ത്ഥം. വി.എം സുധീരന്‍ മത്സരിച്ച് ജയിച്ചാല്‍ അദ്ദേഹത്തിനെയും കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും. രാഹുലുമായുള്ള അടുപ്പം വെച്ച് സുധീരന്‍ മത്സരിച്ചില്ലെങ്കിലും രാജ്യസഭയില്‍ എത്തിച്ചെങ്കിലും മന്ത്രിയാക്കാനും സാധ്യതയുണ്ട്. കെ.സി വേണു ഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയതിനാല്‍ യു.പി.എ അധികാരത്തില്‍ വന്നാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്ര മന്ത്രി പദം ഉറപ്പാണ്. പി.സി ചാക്കോയേയും ഹൈക്കമാന്റിന് തള്ളിക്കളയാന്‍ കഴിയില്ല. കേരളത്തില്‍ നിന്നുള്ള സീനിയര്‍ കേന്ദ്ര സഹമന്ത്രിമാര്‍ക്ക് ദഹിക്കാത്ത കാര്യമായിരിക്കും ഇതെല്ലാം. യു.പി.എ അധികാരത്തില്‍ വന്നാല്‍ ലീഗിലായിരിക്കും ഏറ്റവും കൂടുതല്‍ ഭിന്നത രൂക്ഷമാകുക. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും വിജയിച്ചാല്‍ മന്ത്രി പദത്തിനായി ഇരു നേതാക്കള്‍ക്കിടയിലും ഭിന്നത കടുക്കും. നിലവില്‍ കുഞ്ഞാലിക്കുട്ടി ഇ.ടി വിഭാഗങ്ങള്‍ തമ്മില്‍ വടം വലി ലീഗില്‍ ശക്തമാണ്.

യു.പി.എ അധികാരത്തില്‍ വന്നാല്‍ ഇത്തവണ ജോസ്.കെ മാണിക്ക് മന്ത്രി പദം ഉറപ്പിക്കാന്‍ മാണി തന്നെ കലഹത്തിനിറങ്ങുമെന്നതും ഉറപ്പാണ്. ചുരുക്കി പറഞ്ഞാല്‍ യു.പി.എ അധികാരത്തില്‍ വന്നാല്‍ അത് കേരളത്തില്‍ യു.ഡി.എഫില്‍ രൂക്ഷമായ ഭിന്നതയ്ക്കാണ് വഴി ഒരുക്കുക.

അധികാര മോഹം തലക്ക് പിടിച്ച കോണ്‍ഗ്രസ്സ് സിറ്റിംഗ് എം.പിമാര്‍ സീറ്റുകള്‍ നില നിര്‍ത്തുന്നതോടൊപ്പം ‘പാര’ ആകാന്‍ സാധ്യത ഉള്ളവരുടെ തോല്‍വി കൂടി ഇപ്പോള്‍ മനസ്സില്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് അണിയറ സംസാരം.

ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തന്നെ ഈ തര്‍ക്കം കൂടി മുന്നില്‍ കണ്ടാണത്രെ. മാത്രമല്ല ഡല്‍ഹിക്ക് കളം മാറ്റിയാല്‍ കേരളത്തില്‍ നിന്നും ഔട്ടാകുമെന്നും ഉമ്മന്‍ ചാണ്ടി ഭയക്കുന്നു. അടുത്ത തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകുക എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. സോളാറില്‍ തന്നെ കുരുക്കിയ പിണറായി സര്‍ക്കാരിനോട് പകരം ചോദിക്കാനാണ് വീണ്ടും ഒരു ഊഴത്തിലൂടെ ഉമ്മന്‍ ചാണ്ടി ലക്ഷ്യമിടുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടതും എ ഗ്രൂപ്പ് തന്നെയാണ്. ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പോയാല്‍ കേരളത്തില്‍ ചെന്നിത്തല പിടിമുറുക്കുമെന്ന് അവര്‍ ഭയക്കുന്നു.

യു.ഡി.എഫ് ഘടകകക്ഷികളില്‍ ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും പിന്തുണ ഉമ്മന്‍ ചാണ്ടിക്കായതും നേട്ടമായി അവര്‍ കാണുന്നു. യു.ഡി.എഫ് സംവിധാനത്തില്‍ ആര് മുഖ്യമന്ത്രി ആകണമെന്ന് തീരുമാനിക്കുന്നതില്‍ ഘടക കക്ഷികളുടെ നിലപാടും നിര്‍ണ്ണായകമാണ്. ഇതെല്ലാം മുന്‍ നിര്‍ത്തി തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രപരമായ നീക്കം.

പാര്‍ട്ടിയിലെയും ഗ്രൂപ്പിലെയും എതിരാളികളെ ഡല്‍ഹിക്ക് വിട്ട് അടുത്ത മുഖ്യമന്ത്രി കസേര ഉറപ്പിക്കാന്‍ ശ്രമിക്കുന്ന രമേശ് ചെന്നിത്തലക്കാണ് ഈ നീക്കം തിരിച്ചടിയാവുന്നത്.

കേന്ദ്രത്തിലും ഇല്ല കേരളത്തിലും ഇല്ല എന്ന സ്ഥിതിയിലേക്ക് ചെന്നിത്തല മാറുമോ എന്ന ആശങ്ക അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമുണ്ട്. ഐ ഗ്രൂപ്പില്‍ മുരളീധരന്‍ പിടിമുറുക്കുന്നതിലും അസ്വസ്ഥനാണ് ചെന്നിത്തല.

Political Reporter

Top